Home Featured കര്‍ണാടകത്തിന്റെ എതിര്‍പ്പ്: കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിൽ

കര്‍ണാടകത്തിന്റെ എതിര്‍പ്പ്: കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിൽ

by admin

ബെംഗളൂരു: കര്‍ണാടകം എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് ബെംഗളൂരു-കണ്ണൂര്‍ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിലായി. നടപടി താത്കാലികമായി നിര്‍ത്തിവെക്കാനാണ് ദക്ഷിണ റെയില്‍വേയോട് നിര്‍ദേശിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ബെംഗളൂരു-കണ്ണൂര്‍ എക്സ്‌പ്രസ്(16511/16512) കോഴിക്കോട്ടേക്ക് നീട്ടാന്‍ അനുമതിനല്‍കി ജനുവരി 23-നാണ് റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയത്. അടിയന്തരമായി ഇതിനുള്ള നടപടിയെടുക്കാൻ ദക്ഷിണ റെയില്‍വേയോടും ദക്ഷിണ-പശ്ചിമ റെയില്‍വേയോടും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് തീവണ്ടി നീട്ടുന്നതില്‍ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലം എം.പി. നളിന്‍കുമാര്‍ കട്ടീല്‍ എതിര്‍പ്പുയര്‍ത്തിയത്. ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു. തീവണ്ടി നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണകന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവും റെയില്‍വേ മന്ത്രിക്ക് കത്തെഴുതി. തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നത് മംഗളൂരു മേഖലയിലെ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാന്‍ പ്രയാസമുണ്ടാക്കുമെന്നും ഇപ്പോള്‍ത്തന്നെ ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലാണെന്നുമാണ് ആരോപണം.

അതേസമയം, തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നത് ഗുണകരമാണെന്നാണ് റെയില്‍വേയുടെ നിലപാട്. യാത്രക്കാര്‍ കൂടുന്നത് വരുമാനം വര്‍ധിപ്പിക്കും. അതുകൊണ്ടാണ് ഇതിന് റെയില്‍വേമന്ത്രാലയം അനുമതി നല്‍കിയത്. തീവണ്ടി നീട്ടുന്നതിന് വലിയ സാങ്കേതികപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്തരവ് ഉടന്‍ നടപ്പാകുമെന്നായിരുന്നു പ്രതീക്ഷ. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ആകെ ഒരു തീവണ്ടി മാത്രമാണുള്ളത്. യശ്വന്ത്‌പുര-കണ്ണൂര്‍ എക്സ്‍പ്രസാണിത്. തിരക്കേറിയ ഈ തീവണ്ടിയില്‍ ടിക്കറ്റ് ലഭിക്കാന്‍ വലിയ പ്രയാസമാണ്. അതുകൊണ്ട് യാത്രക്കാര്‍ ഭൂരിപക്ഷവും ബസുകളെയാണ് ആശ്രയിക്കാറ്്. കോഴിക്കോട്ടേക്ക് ഒരു തീവണ്ടികൂടി വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group