Home Featured സ്വിഗി ഉപയോഗിക്കുന്നവർ ജാഗ്രതൈ; ശ്രദ്ധിച്ചില്ലെങ്കിൽ ഒറ്റ ക്ലിക്കിൽ അക്കൗണ്ട് കാലി, നിർദേശങ്ങളുമായി പൊലീസ്

സ്വിഗി ഉപയോഗിക്കുന്നവർ ജാഗ്രതൈ; ശ്രദ്ധിച്ചില്ലെങ്കിൽ ഒറ്റ ക്ലിക്കിൽ അക്കൗണ്ട് കാലി, നിർദേശങ്ങളുമായി പൊലീസ്

by admin

ചെന്നൈ: ബംഗളൂരുവിന് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ചെന്നൈയിലും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. ജനുവരി ഒന്ന് മുതല്‍ 12 വരെ 30 പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായതെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

സ്വിഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ വായ്പ ആപ്പായ lazypay ഉപയോഗിച്ചവരാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. Lazypay അക്കൗണ്ട് വഴി ഓര്‍ഡറിന് ശ്രമിച്ചോ എന്ന ചോദ്യവുമായി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത കോള്‍ വരുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചത് മാറ്റാരെങ്കിലും ആണെങ്കില്‍ ഡയല്‍പാഡില്‍ ഒന്ന് അമര്‍ത്തിയ ശേഷം ഒടിപി നമ്പര്‍ ടൈപ്പ് ചെയ്ത് പണമിടപാട് തടയാന്‍ ഉപദേശിക്കും. ആരോ തന്റെ അക്കൗണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന ഭയത്തില്‍ ഉപഭോക്താവ് വേഗം നിര്‍ദേശം അനുസരിക്കും. പിന്നാലെ നൂറോളം സ്പാം മെസേജുകള്‍ ഫോണിലേക്കെത്തും. ഇതിനിടയില്‍ പണം നഷ്ടമായെന്ന സന്ദേശവും എത്തും. എന്നാല്‍ അത് ഭൂരിഭാഗം പേരും ശ്രദ്ധിക്കാതെ പോകും. ഇതാണ് തട്ടിപ്പിന്റെ വഴിയെന്ന് പൊലീസ് അറിയിച്ചു.

കര്‍ണാടകയില്‍ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന ചോദ്യവുമായി ഡെലിവറി ബോയിയുടെ ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് കോയമ്പേട് സ്വദേശിയായ യുവാവ് 4,900 രൂപ നഷ്ടമായതായി അറിയുന്നത്. 9938 രൂപയുടെ ഓര്‍ഡറിനെ കുറിച്ച് താമ്പരം സ്വദേശിക്ക് വിളി എത്തിയത് ഹരിയനയില്‍ നിന്നാണ്. തട്ടിപ്പിന് ഇരയായെന്നു അറിഞ്ഞിട്ടും സിബില്‍ സ്‌കോര്‍ കുറയുമെന്ന പേടി കാരണം Lazypayലേക്ക് തുക തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്യും. മദ്യകുപ്പികള്‍ ആണ് തട്ടിപ്പുകാര്‍ കൂടുതലും ഓര്‍ഡര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 30ഓളം പരാതികള്‍ കിട്ടിയതായും ചെന്നൈ സൈബര്‍ പൊലീസ് പറഞ്ഞു. ഡാറ്റാ ചോര്‍ച്ച സംശയിക്കുന്നതിനാല്‍ രണ്ടു കമ്പനികളില്‍ നിന്നും വിശദീകരണം തേടിയതായും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group