ബെംഗളൂരു: ചിക്കമഗളൂരുവിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സെപ്റ്റംബർ ഒന്നു മുതൽഓൺലൈൻ ബുക്കിങ് നിർബന്ധം. ചന്ദ്രദ്രോണ മലമേഖലയിലെ മുല്ലയ്യനഗിരി, സീതാലയ്യനഗിരി, ശ്രീഗുരുദത്താത്രേയ ബാബാബുധൻ സ്വാമി ദർഗ, മാണിക്യധാര എന്നീ സ്ഥലങ്ങളിലേക്കാണ് നിയന്ത്രണം. ചിക്കമഗളൂരു ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.സഞ്ചാരികളെ നിയന്ത്രിക്കാനാണ് ലക്ഷ്യം. വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ദിവസം 1,200 വാഹനങ്ങൾ മാത്രമേ ഈ മേഖലയിലേക്ക് അനുവദിക്കുകയുള്ളൂ. രണ്ടു സ്ലോട്ടുകളിലാണ് ബുക്കിങ്ങിന് അവസരമുണ്ടാകുക.
രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകീട്ട് ആറു വരെയുമായിരിക്കും ഇത്.ഓരോ സ്ലോട്ടിലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചെറിയ ടാക്സി വാഹനങ്ങളും ഉൾപ്പെടെ 200 വാഹനങ്ങളും സാധാരണ കാറുകളും ജീപ്പുകളും എസ്‌യുവികളും ഉൾപ്പെടെ 300 വാഹനങ്ങളും 50 ടെമ്പോ ട്രാവലറുകളും 50 വലിപ്പം കൂടിയ കാറുകളുമാണ് അനുവദിക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇരുചക്രവാഹനങ്ങൾക്ക് 50 രൂപയും കാറുകൾക്ക് നൂറുരൂപയും പത്ത് സീറ്റുള്ള വാഹനങ്ങൾക്ക് 150 രൂപയും ടെമ്പോ ട്രാവലറുകൾക്ക് 200 രൂപയും പ്രവേശനഫീസ് ഈടാക്കും.