ബെംഗളൂരു: ഉള്ളി നിറച്ച ലോഡുമായി പോയ ലോറിക്ക് തീപിടിച്ച് അപകടം. എഞ്ചിനിലെ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്.
നെലമംഗലയിലെ ബുഡിഹാല്‍ ഗേറ്റിന് സമീപമാണ് സംഭവം. ചിത്രദുർഗയില്‍ നിന്ന് ദാസനപുരയിലെ എപിഎംസി യാർഡിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് തീ ആകെ പടർന്നുപിടിക്കുകയായിരുന്നു.
തീ പടരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബ് ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി. തീ പടർന്ന് വാഹനം പൂർണ്ണമായും കത്തി നശിച്ചു. നെലമംഗല ട്രാഫിക് പോലീസും ഫയർ ആൻഡ് എമർജൻസി സർവീസസും സ്ഥലത്തെത്തി തീ അണച്ചു.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി വാഹനം റോഡില്‍ നിന്ന് മാറ്റിച്ചു. വാഹനത്തിലെ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഗതാഗത ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.