ന്യൂയോര്‍ക്ക്: ടെസ്റ്റ് ചെയ്തപ്പോള്‍ ഒരേസമയം ഒരാള്‍ക്ക് കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും. ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട്.
സ്‌പെയ്‌നില്‍ നിന്ന് തിരിച്ചെത്തിയതാണ് 36കാരന്‍. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഇയാള്‍ സ്‌പെയ്‌നിലേക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ മൂന്നു രോഗങ്ങളും ഇയാളില്‍ കണ്ടത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരാളില്‍ തന്നെ ഇത്രയും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌പെയ്‌നില്‍ നിന്ന് എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പനിയും തലവേദനയും അനുഭവപ്പെട്ടത്. സ്‌പെയ്‌നില്‍വെച്ച് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ആളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ 20 വരെയാണ് ഇയാള്‍ സ്‌പെയ്‌നില്‍ കഴിഞ്ഞിരുന്നത്. ജൂലൈ രണ്ടിനാണ് ഇയാള്‍ കോവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഇടം കയ്യില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ എച്ച്.ഐവി ബാധിതാനാണെന്നും തെളിഞ്ഞു.അതേസമയം ഇയാള്‍ കോവിഡില്‍ നിന്നും മങ്കിപോക്‌സില്‍ നിന്നും ഇപ്പോള്‍ മുക്തനായിട്ടുണ്ട്. ആശുപത്രി വിട്ട ഇദ്ദേഹത്തെ ഹോം ഐസൊലേഷനില്‍ വിടുകയായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ചികിത്സയെടുത്താല്‍ അപകടങ്ങളൊഴിവാക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പുതിയ പഠനങ്ങള്‍ക്കാണ് ഇദ്ദേഹത്തിന്റെ രോഗം വഴിതുറന്നത്. മാരകമായേക്കാവുന്ന വൈറസുകള്‍ എങ്ങനെയാണ് ഒരാളുടെ ശരീരത്തില്‍ ഒരേസമയം പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് വിശദമായി പഠിക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം.
മെയ് മാസത്തില്‍ ലോകമെമ്ബാടും ഏകദേശം 32,000 മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 3,000-ത്തിലധികവും യുഎസില്‍ 10,000 പേരാണ് മങ്കിപോക്സിന് ചികിത്സ തേടിയിരുന്നത്. നേച്ചര്‍ മെഡിസിന്‍ നടത്തിയ പുതിയ ഗവേഷണത്തിന്റെ ഭാഗമായി, ശാസ്ത്രജ്ഞര്‍ നിലവിലുള്ള മങ്കിപോക്സ് വൈറസിന്റെ ഡിഎന്‍എ സ്ട്രെയിന്‍ പരിശോധിച്ചപ്പോള്‍ നൈജീരിയയില്‍ 2018-19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലെ ഒരു സ്‌ട്രെയിനുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.