മംഗ്ളൂറു: കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന ബംഗളൂരു സ്വദേശി കെ ആര് രവിയാണ്(40) മരിച്ചത്. സുള്ള്യക്കടുത്ത സമ്ബാജെ ദേവറകൊല്ലി ദേശീയ പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ നിതിന്‍, ചന്ദ്രശേഖര്‍, ഹര്‍ഷ, ജഗദീഷ്, ലോറി ഡ്രൈവര്‍ കുളൈയിലെ ഈശ്വര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്ളൂറിലേക്ക് വരുകയായിരുന്ന കണ്ടയ്നര്‍ ബ്രേക് തകറാറിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് ധര്‍മസ്ഥലയിലേക്ക് സഞ്ചരിച്ച കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ചെറ്റക്കുടിലിന് വൈദ്യുതി ബില്‍ ഒരു ലക്ഷം! 90കാരിക്ക് കെ.ഇ.ബിയുടെ ‘ഇരുട്ടടി’
ബംഗളൂരു: ചെറ്റക്കൂരയില്‍ താമസിക്കുന്ന 90കാരിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍! കര്‍ണാടകയിലെ കൊപ്പലിനടുത്തുള്ള ഭാഗ്യനഗര്‍ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് കര്‍ണാടക വൈദ്യുതി ബോര്‍ഡിന്റെ(കെ.ഇ.ബി) ‘ഇരുട്ടടി’ ലഭിച്ചത്. സാധാരണ പ്രതിമാസം 70ഉം 80ഉം രൂപ അടച്ചുവന്നിടത്താണ് ഇത്തവണ ലക്ഷം രൂപയുടെ ബില്‍ ലഭിച്ചത്.
വൈദ്യുതിബില്‍ ലഭിച്ച് ഞെട്ടിയിരിക്കുകയാണ് ഗിരിജമ്മ. പണമടക്കാൻ എന്തു ചെയ്യുമെന്നറിയാതെ വയോധിക പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കര്‍ണാടക വൈദ്യുതി മന്ത്രി ഇടപെട്ടു. വൈദ്യുതി മീറ്ററിലുള്ള സാങ്കേതികത്തകരാര്‍ കാരണമാണ് അവര്‍ക്ക് ഇത്രയും തുക ബില്ലായി ലഭിച്ചതെന്ന് കെ.ജെ ജോര്‍ജ് പ്രതികരിച്ചു. അവര്‍ ഈ തുക അടക്കേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഗുല്‍ബര്‍ഗ വൈത്യുതി വിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി മീറ്റര്‍ പരിശോധിച്ചു. സാങ്കേതികത്തകരാറാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ രാജേഷ് അറിയിച്ചു. ബില്ലില്‍ ആവശ്യപ്പെട്ട തുക അടക്കേണ്ടതില്ലെന്ന് ഇവര്‍ ഗിരിജമ്മയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന വൈദ്യുതിനിരക്കിനെതിരെ കര്‍ണാടകയില്‍ ജനരോഷം നിലനില്‍ക്കെയാണ് സംഭവം പുറത്തുവരുന്നത്. ഇത് പ്രതിഷേധം ഇരട്ടിയാക്കിയിരിക്കുകയാണ്. ഗൃഹലക്ഷ്മി പദ്ധതി വഴി എല്ലാ വീടുകളിലും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രഖ്യാപനം എത്രയും പെട്ടെന്ന് നടപ്പാക്കി ജനരോഷം അടയ്ക്കാനുള്ള നീക്കത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍.