ബെംഗളൂരു; ഡി കെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷനായതോടെ സംസ്ഥാനത്ത് ഊർജ്ജം തിരിച്ചുകിട്ടിയ നിലയിലാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം ബി ജെ പിയെ ഞെട്ടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനും കോൺഗ്രസിന് സാധിച്ചിരുന്നു. ഇപ്പോഴിതാ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി ജെ ഡി എസ് നേതാവാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്.
മുൻ മന്ത്രിയും ജെ ഡി എസ് നേതാവുമായ എസ് ആർ മഹേഷിന്റെ സഹോദരൻ എസ് ആർ നന്ദേഷ് ആണ് കോൺഗ്രസിലേക്ക് ചേരാനൊരുങ്ങുന്നത്. മിർലേ മണ്ഡലത്തിലെ കെ ആർ നഗർ താലൂക്കിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു നന്ദേഷ്. താൻ ജെ ഡി എസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് തന്നെ പാർട്ടിയിലേക്ക് ചേരാൻ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ താൻ ഇക്കാര്യത്തിൽ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നന്ദേഷ് പറഞ്ഞു.
തന്റെ സഹോദരനും കെ ആർ നഗർ എം എൽ എയുമായ എസ് ആർ മഹേഷിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. മകനെ രാഷ്ട്രീയ പിൻഗാമിയാക്കാനായി സഹോദരൻ തന്നെ ഒതുക്കുകയാണെന്ന് നന്ദേഷ് ആരോപിച്ചു. തന്നോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ സഹോദരന് നീരസമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് താൻ കരുതി. എന്നാൽ അടുത്തിടെ തന്റെ പകരക്കാരനായി തന്റെ മകൻ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്ന് മഹേഷ് പ്രസ്താവന ഇറക്കി.
ഇതോടെ തന്റെ മകന് വേണ്ടി അദ്ദേഹം വഴിയൊരുക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഉടൻ തന്നെ എം എൽ എയുടെ മകൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്നും നന്ദേഷ് ആരോപിച്ചു. രാഷ്ട്രീയത്തിൽ താൻ തന്റെ സഹോദരനൊപ്പം നിന്നുവെന്നും എന്നാൽ തന്നെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും നന്ദേഷ് പറഞ്ഞു
മൈസൂർ മേഖലയിലെ കോൺഗ്രസിൽ നിന്നുള്ള ഒരു എം എൽ എ തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതായും അടുത്ത തിരഞ്ഞെടുപ്പിൽ തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ജില്ലാ പഞ്ചായത്ത് സീറ്റിൽ നിന്ന് മത്സരിക്കാൻ പാർട്ടി അവസരം നൽകുമെന്ന് ഉറപ്പ് നൽകിയതായും നന്ദേഷ് പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സഖ്യസർക്കാർ അധികാരത്തിൽ നിന്നും താഴെ വീണതിന് പിന്നാലെ നിരവധി ജെ ഡി എസ് നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും കോൺഗ്രസിൽ ചേരുമെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്.