മയാമി: സമുദ്രത്തിനടിയില്‍ തുടര്‍ച്ചയായി 100 ദിവസം താമസിച്ച് റെക്കോര്‍ഡിട്ട് ഫ്‌ളോറിഡ സര്‍വകലാശാലാ പ്രഫസര്‍ ജോസഫ് ഡിറ്റൂരി. നൂറു ദിവസത്തെ താമസത്തനു ശേഷം അദ്ദേഹം വെള്ളത്തിനടിയില്‍ നിന്നും പൊങ്ങി. യുഎസിലെ സമുദ്രാന്തര താമസസ്ഥലമായ ഷൂള്‍സ് അണ്ടര്‍സീ ലോഡ്ജിലായിരുന്നു താമസം. സമുദ്രനിരപ്പില്‍ നിന്ന് 30 അടി താഴെയുള്ള ഇവിടെയെത്താൻ സ്‌കൂബ ഡൈവ് ചെയ്യണം.
സമുദ്രാന്തര്‍ഭാഗത്തെ സാഹചര്യങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനുള്ള പ്രോജക്‌ട് നെപ്റ്റിയൂണ്‍ പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്. വെള്ളത്തില്‍ നിന്നും കരയിലെത്തിയ അദ്ദേഹം തന്റെ ഉയരം അരയിഞ്ച് കുറഞ്ഞെന്ന് അറിയിച്ചു. നേരത്തേ രണ്ടു പേര്‍ 73 ദിവസം ഇവിടെ താമസിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഡിറ്റൂരി ഇതു മറികടന്നു.
ബംഗളുരു :അമിതനിരക്ക് ചോദ്യംചെയ്ത യാത്രക്കാരനെ ഓട്ടോഡ്രൈവർ കൊലപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോയിൽ അമിതനിരക്ക് ചോദ്യംചെയ്ത യാത്രക്കാരനെ ഡ്രൈവർ കൊലപ്പെടുത്തി. അസം സ്വദേശി അഹമ്മദാണ് (28) കൊല്ലപ്പെട്ടത്. അഹമ്മദിനൊപ്പമുണ്ടായിരുന്ന സഹോദരൻ അയൂബിനെ പരിക്കേൽപ്പിച്ചു. അയൂബ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഓട്ടോഡ്രൈവറായ അശ്വതിനെ സുബ്രഹ്മണ്യനഗർ പോലീസ് അറസ്റ്റുചെയ്തു.
യശ്വന്ത്പുരയിലെ സോപ്പ് ഫാക്ടറിക്കുസമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ വിളിച്ചതായിരുന്നു അഹമ്മദും അയൂബും. ഓട്ടോയിൽ കയറിയശേഷം ഇവരോട് അശ്വത് സാധാരണനിരക്കിനെക്കാൾ ഇരട്ടിയിലധികം പണം ആവശ്യപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെത്തുടർന്ന് അഹമ്മദും അശ്വതും തമ്മിൽ വാക്‌തർക്കമുണ്ടായി. ഇതിനിടെ അശ്വത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബെംഗളൂരുവിൽ ഓട്ടോറിക്ഷകളിൽ അമിത യാത്രാനിരക്ക് ഈടാക്കുന്നത് വ്യാപകമാണ്. യാത്രയുടെ ദൂരവും നിരക്കും വ്യക്തമാക്കുന്ന മീറ്ററുകൾ ഓട്ടോകളിലുണ്ടെങ്കിലും മിക്കഡ്രൈവർമാരും പ്രവർത്തിപ്പിക്കാറില്ല. യാത്രക്കാരോട് തോന്നിയരീതിയിൽ പണം വാങ്ങുകയാണ് പതിവ്. ഇത് ചോദ്യംചെയ്യുന്ന യാത്രക്കാരുമായി ഡ്രൈവർമാർ തർക്കത്തിലേർപ്പെടുന്നതും പതിവാണ്.