ബെംഗളൂരു: ചിത്രദുർഗയ്ക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു അപകടം. അപകടത്തിന് ശേഷം സ്വകാര്യ ബസിന് തീ പിടിച്ചു. ബച്ചബോരനഹട്ടി നിവാസിയായ രമേഷ് (45) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബസിന് തീപിടിച്ചെങ്കിലും 40 യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.യാത്രക്കാരുമായി ഹൊസപേട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു ബസ്.
ബൈക്കില്‍ ബസിടിച്ചയുടൻ യാത്രക്കാർ ബസില്‍നിന്ന് ഇറങ്ങി. അല്‍പസമയത്തിനുശേഷം, തീ ആളിപ്പടരുകയായിരുന്നു. ബസ് യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് യാത്രികൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു, പക്ഷേ ബസ് പൂർണ്ണമായും തകർന്നു. എസ്പി രഞ്ജിത്ത് കുമാർ ബന്ദാരു സ്ഥലം പരിശോധിക്കുകയും ചിത്രദുർഗ റൂറല്‍ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സലൂണില്‍ യുവാക്കളെ മര്‍ദിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍
സലൂണില്‍ അതിക്രമിച്ച് കയറി മുടിവെട്ടാന്‍ എത്തിയ യുവാക്കളെ മർദിച്ച് അവശരാക്കിയ സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍.കറുകപ്പള്ളി സ്വദേശിയുമായ മുഹമ്മദ് ബിലാല്‍ (24), സഹോദരന്‍ മുഹമ്മദ് ബെന്യാമിന്‍ (22) എന്നിവരാണ് എളമക്കര പോലീസിന്‍റെ പിടിയിലായത്.ഒബ്‌റോണ്‍ മാളിലെ ഒരു ഷോപ്പിലെ ജീവനക്കാരും കൊല്ലം പുനലൂര്‍ സ്വദേശികളുമായ ശ്രാവണ്‍ സുധന്‍ (22), കണ്ണന്‍ (23) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു.
കറുകപ്പള്ളി ജംഗ്ഷനിലെ ഫ്രീക്ക്‌സ് എന്ന മുടിവെട്ടുകടയില്‍ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മുടിവെട്ടാനായുള്ള ഊഴം കാത്തിരിക്കുകയായിരുന്നു ശ്രാവണും കണ്ണനും. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ബിലാലും സംഘവും, തങ്ങളെ ഇരുവരും രൂക്ഷമായി നോക്കി എന്ന് ആരോപിച്ച് കടയിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നു.യുവാക്കള്‍ക്ക് ദേഹമാകെ പരിക്കുണ്ട്. വിവരമറിഞ്ഞ് എളമക്കര പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ഇവിടെനിന്ന് കടന്നിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.