മാർച്ച് 1ന് ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു.
പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ബല്ലാരി സ്വദേശിയാണ് കസ്റ്റഡിയില്‍.
ബല്ലാരിയില്‍നിന്ന് നേരത്തെ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഒരാള്‍ ഒരു വസ്ത്ര വ്യാപാരിയാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരില്‍ ഒരാള്‍ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാള്‍ക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് എന്നും കഫെയില്‍ ബോംബ് വെച്ച ആള്‍ ഉള്‍പ്പെടെ പ്രദേശത്തെ നിരവധി പേർക്ക് പോപ്പുലർ ഫ്രണ്ടിന്റെ ആശയപരമായ സ്വാധീനം ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
യാത്രാ രേഖകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത ബെല്ലാരി കൗള്‍ ബസാർ സ്വദേശിയിലേക്ക് എത്തിയത്.
സ്ഫോടനത്തിലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് അയാള്‍ എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിച്ചത് നിർണായകമായി. നഗരത്തിലെ പല ബസുകളില്‍ മാറിക്കയറിയ ഇയാള്‍ തുംകൂരുവിലേക്കു പോയി വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറി. പിന്നീട് ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി.
തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചായിരുന്നു എൻഐഎ അന്വേഷണം. ശിവമോഗ ബല്ലാരി ഐഎസ് മൊഡ്യൂളുകളില്‍ പ്രവർത്തിച്ച നിരവധിപ്പേര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. വിവിധ ജയിലുകളില്‍ ഉള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.
മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്കാണ് പരിക്ക് പറ്റിയത്. സ്ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു. വാഹനങ്ങള്‍ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാള്‍ നടന്നു വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. വളരെ തിടുക്കപ്പെട്ട് നടക്കുന്ന ഇയാള്‍ ഇടയ്ക്ക് കൈയില്‍ വാച്ച് നോക്കുന്നതും കാണാം. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.