ഗുവാഹത്തി (ആസാം ): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ബിജുലി പ്രസാദ് തിങ്കളാഴ്ച രാവിലെ അസമിലെ ബെഹാലി തേയിലത്തോട്ടത്തില്‍ മരണമടഞ്ഞു.
ഈ ആനയ്‌ക്ക് ഏകദേശം 90 വയസ്സായിരുന്നു.
ഏകദേശം 86 വര്‍ഷം മുമ്ബ് ജോര്‍ജ്ജ് വില്യംസണ്‍ മഗോര്‍ ടീ കമ്ബനിയാണ് ഈ ആനയെ വാങ്ങിയത്. ബ്രിട്ടീഷുകാരനായ തോട്ടം ഉടമ ഒലിവര്‍ സാഹിബ് ആനയ്‌ക്ക് ബിജുലി പ്രസാദ് എന്ന് പേരിട്ടു.ബിജുലി പിന്നീട് മഗോര്‍ കമ്ബനിയുടെ കുലീനതയുടെ പ്രതീകമായി മാറി. സര്‍ ഒലിവര്‍, ബിജുലി പ്രസാദിനെ പരിപാലിക്കാൻ നിരവധി ജീവനക്കാരെ നിയമിച്ചിരുന്നു.അസമിലെ സോനിത്പൂര്‍ ജില്ലയിലെ ബെഹാലി തേയിലത്തോട്ടത്തിലാണ് ഈ ആനയെ തളച്ചിരുന്നത്.
പ്രതിദിനം 25 കിലോ അരിയും തുല്യ അളവിലുള്ള ചോളവും സെസ്‌സി ബീൻസും ആയിരുന്നു ബിജുലിയുടെ ഭക്ഷണം. എല്ലാ ആഴ്ചയും സ്ഥിരമായി ബിജുലി പ്രസാദിന്റെ ശരീരഭാരം പരിശോധിച്ച് കൊല്‍ക്കത്തയിലുള്ള കമ്ബനിയുടെ ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ടു ചെയ്തിരുന്നു.ബിജുലി പ്രസാദിനെ പരിചരിക്കുന്നതിന് പ്രതിവര്‍ഷം 6 ലക്ഷം രൂപയാണ് തേയിലത്തോട്ടം അധികൃതര്‍ ചെലവഴിച്ചിരുന്നത്.
ഇന്ന് രാവിലെ ബിജുലി പ്രസാദിന്റെ മരണവാര്‍ത്ത അറിഞ്ഞത് അസമിലെ ബര്‍ഗാംഗ് ഫോറസ്റ്റ് ഡിവിഷനില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി, തുടര്‍ന്ന് പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. നേരത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചാമുണ്ഡപ്രസാദായിരുന്നു കര്‍ണാടകയിലെ ഈ ആന 82-ാം വയസ്സിലാണ് മരിച്ചത്. അന്നുമുതല്‍ ബിജുലി പ്രസാദ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ആനയായി അംഗീകരിക്കപ്പെട്ടു. ബിജുലി പ്രസാദ് മരിച്ചതോടെ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ആന ഏതാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.