മുംബൈ: പുണെ-മുംബൈ അതിവേഗ പാതയില്‍ ഡിവൈഡറില്‍ ഇടിച്ചുകയറി ടാങ്കര്‍ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചതായി റിപ്പോര്‍ട്ട്. അതിവേഗപാതയുടെ ഖണ്ഡാല ഘാട്ട് ഭാഗത്ത് ലോണാവാലയ്ക്ക് സമീപത്തുള്ള പാലത്തിന് മുകളില്‍വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറി ടാങ്കര്‍ലോറി മറിയുകയും ഡീസല്‍ടാങ്കില്‍ ചോര്‍ച്ചയുണ്ടായി തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കത്തിക്കൊണ്ടിരുന്ന ടാങ്കറിന്റെ ചില ഭാഗങ്ങള്‍ പാലത്തിന് താഴേക്ക് പതിച്ച് പാലത്തിനടിയില്‍ തീപടരുകയും അതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പാലത്തിന് കീഴെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേരും ടാങ്കറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പുണെയില്‍ നിന്ന് മുംബൈയ്ക്ക് പോകുകയായിരുന്നു ടാങ്കര്‍ എന്നാണ് പ്രാഥമികവിവരം. ടാങ്കര്‍ ലോറിയില്‍ രാസവസ്തുക്കളായിരുന്നുവെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന് മുകളില്‍ തീ പൂര്‍ണമായും കെടുത്തിയതായി പൊലീസ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ട്. എക്സ്പ്രസ്വേയുടെ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായും താമസിയാതെ പൂര്‍ണമായും വാഹനങ്ങള്‍ കടത്തിവിടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടംബാംഗങ്ങളോട് ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി.
കര്‍ണാടകയില്‍ സ്വകാര്യ നേഴ്സിങ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ
ബെംഗളൂരു: കര്‍ണാടകയിലെ ഹസന് ജില്ലയില്‍ കെ.ആര്. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്. കെ.ആര്. പുരത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.
ഭക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.