ബെംഗളൂരു: കർണാടകയിൽ അഞ്ച് പേർക്കു കൂടി കോവിഡിന്റെ ഒളിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ഡോ. കെ. സുധാകർ അറിയിച്ചു. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 36 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കും, യു.കെ.യിൽ നിന്നും തിരിച്ചെത്തിയ 19 കാരിക്കും, നൈജീരിയയിൽ നിന്നും തിരിച്ചെത്തിയ 52 കാരനും, ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ 33 കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിയോൺ ബാധിതരുടെ എണ്ണം എട്ടായി.
ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 36 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീയും ഡൽഹിയിൽ നേരത്തെ ഒമിക്രോൺ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. ഡൽഹിയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഡിസംബർ മൂന്നിനാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഡിസംബർ ആറിന് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലായ മൂന്ന് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
യു.കെ.യിൽ നിന്നുള്ള 19കാരി ഡിസംബർ 13 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നുള്ള 52കാരൻ ഡിസംബർ 13 നാണ് ബെംഗളൂരുവിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഡിസംബർ എട്ടിന് ബെംഗളൂരുവിൽ മടങ്ങിയെത്തിയ 33 കാരന് ഡിസംബർ 11 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും രണ്ടു ഡോസ് കോവിഡ് വാക്സിനുകൾ സ്വീകരിച്ചവരാണ്.