ബെംഗളൂരു: വീഡിയോകോളില്‍ സ്ത്രീകളെ വിവസ്ത്രരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത് സൈബർ കുറ്റവാളികള്‍. ബെംഗളൂരുവിലെ രണ്ട് സ്ത്രീകളാണ് സൈബർ തട്ടിപ്പുകാരുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ കെണിയില്‍വീണത്.ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 58,447 രൂപയും തട്ടിപ്പുകാർ കൈക്കലാക്കി.ബെംഗളൂരുവില്‍ താമസിക്കുന്ന ആനി, സുഹൃത്തായ റിച്ച (യഥാർഥ പേരുകളല്ല) എന്നിവരാണ് സൈബർ തട്ടിപ്പിനിരയായത്. ജൂലായ് 17-ാം തീയതിയായിരുന്നു സംഭവം. ഏകദേശം ഒമ്ബതുമണിക്കൂറോളമാണ് തട്ടിപ്പുസംഘം ഇരുവരെയും ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന കെണിയില്‍ കുടുക്കിയത്.
ഇതിനിടെ വീഡിയോകോളില്‍ ഓണ്‍ലൈൻ വൈദ്യപരിശോധനയെന്ന് പറഞ്ഞ് സ്ത്രീകളെ വിവസ്ത്രരാക്കുകയുംചെയ്തു.തായ്ലാൻഡില്‍ ജോലിചെയ്യുന്ന റിച്ച ബെംഗളൂരുവില്‍ താമസിക്കുന്ന സുഹൃത്തായ ആനിയെ കാണാനെത്തിയതായിരുന്നു. ജൂലായ് 17-ന് രാവിലെ 11 മണിയോടെയാണ് മുംബൈ കൊളാബ പോലീസ് സ്റ്റേഷനില്‍നിന്നാണെന്ന് പരിചയപ്പെടുത്തി റിച്ചയ്ക്ക് ഫോണ്‍കോള്‍വന്നത്. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ റിച്ചയ്ക്ക് ബന്ധമുണ്ടെന്നും മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ടെന്നുമാണ് ഫോണില്‍ വിളിച്ചയാള്‍ ആദ്യം പറഞ്ഞത്.
തനിക്ക് ഈ കേസുകളുമായി ബന്ധമില്ലെന്നും ഏതാനുംദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലേക്ക് വന്നതെന്നും റിച്ച മറുപടി നല്‍കിയെങ്കിലും തട്ടിപ്പുകാർ പിന്മാറിയില്ല. പിന്നാലെ യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാനായി ഇവരുടെ ഡെബിറ്റ് കാർഡ് വിവരങ്ങള്‍ ഫോണ്‍വിളിച്ചയാള്‍ പറഞ്ഞു. മാത്രമല്ല, പോലീസിന്റെയും സിബിഐയുടെയും വ്യാജ ഐഡി കാർഡുകളും വ്യാജ അറസ്റ്റ് വാറന്റുകളും തട്ടിപ്പുസംഘം അയച്ചുകൊടുത്തു. ഇതോടെ വിളിക്കുന്നത് യഥാർഥ പോലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതികളും വിശ്വസിച്ചു.
ആദ്യത്തെ ഫോണ്‍കോളിന് ശേഷം സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് മറ്റൊരാളും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് രണ്ടുപേരും വീട്ടില്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും 24 മണിക്കൂർ നേരത്തേക്ക് വാട്സാപ്പ് വീഡിയോകോളില്‍ തുടരണമെന്നും നിർദേശിച്ചത്. ശേഷം റിസർവ് ബാങ്ക് നിർദേശപ്രകാരമെന്ന വ്യാജേന ബാങ്ക് ഇടപാടുകള്‍ പരിശോധിക്കണമെന്ന് സംഘം പറഞ്ഞു. അക്കൗണ്ടിലെ പണം തട്ടിപ്പുസംഘം നല്‍കിയ അക്കൗണ്ടിലേക്ക് കൈമാറാനും നിർദേശിച്ചു. ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കാനാണെന്നും കള്ളപ്പണമല്ലെങ്കില്‍ തിരികെ നല്‍കുമെന്നും പറഞ്ഞു.
ഇതനുസരിച്ചാണ് റിച്ച അക്കൗണ്ടിലുണ്ടായിരുന്ന 58,447 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.പണം കൈക്കലാക്കിയശേഷവും തട്ടിപ്പുസംഘം സ്ത്രീകളെ വിട്ടില്ല. ഇതിനിടെ ടെലികോം അതോറിറ്റി ഉദ്യോഗസ്ഥർ, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ പേരുകളില്‍ തട്ടിപ്പുസംഘത്തിലെ പലരും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് ഓണ്‍ലൈനിലൂടെ വൈദ്യപരിശോധന നടത്തണമെന്നും ഇതിനായി വിവസ്ത്രരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടത്.
ഡിജിറ്റല്‍ അറസ്റ്റിന്റെ ഭാഗമായി ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിക്കാനാണെന്നും മറ്റുപരിക്കുകളോ ടാറ്റൂകളോ ഉണ്ടോയെന്ന് നോക്കാനാണെന്നും ഇവർ പറഞ്ഞു.രണ്ട് സ്ത്രീകളെയും ഇവർ വീഡിയോകോളില്‍ വിവസ്ത്രരാക്കി. ഈ സമയം ഇരുവരെയും അവഹേളിക്കുകയുംചെയ്തു. എന്നാല്‍, ഈ ഘട്ടത്തിലൊന്നും തങ്ങള്‍ തട്ടിപ്പുകാരുടെ കെണിയിലാണെന്ന് സ്ത്രീകള്‍ക്ക് മനസിലായിരുന്നില്ല. ഒടുവില്‍ രാത്രി എട്ടുമണിയോടെ റിച്ച മറ്റൊരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇരുവർക്കും ബോധ്യപ്പെട്ടത്. ഇതോടെ ഫോണ്‍ കട്ട്ചെയ്തു. എന്നാല്‍, തട്ടിപ്പുകാർ വീണ്ടും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.