ബെംഗളൂരു: ഇന്ത്യയിലെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൻ്റെ പ്രധാന തലവേദനയാണ് ഗതാഗതക്കുരുക്ക്. മണിക്കൂറോളമാണ് വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങുന്നത്.ഈ പ്രതിസന്ധി പരിഹരിക്കാൻ ടണല്‍ റോഡുകള്‍ ഉള്‍പ്പെടെയുള്ള വൻ പദ്ധതികള്‍ കർണാടക സർക്കാർ നടപ്പിലാക്കുകയാണ്. ഇതിനിടെ ഏകദേശം 80 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് പുതിയ മേല്‍പ്പാലങ്ങള്‍ നിർമിക്കാനൊരുങ്ങുകയാണ് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.കിഴക്ക് – പടിഞ്ഞാറ്, വടക്ക് – തെക്ക് ദിശകളിലെ പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരു നഗരത്തില്‍ അഞ്ച് പുതിയ മേല്‍പ്പാലങ്ങള്‍ നിർമിക്കുന്നത്. നിർദിഷ്ട മേല്‍പ്പാലങ്ങള്‍ നിലവിലുള്ള തിരക്കേറിയ റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിട്ട് നഗരത്തിലെ തിരക്കൊഴിവാക്കാൻ സഹായിക്കും. സമയബന്ധിതമായി പദ്ധതികള്‍ പൂർത്തിയാക്കാനും ഇത് സഹായിക്കും. ഈ പുതിയ മേല്‍പ്പാലങ്ങള്‍ നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.അഞ്ച് പദ്ധതികളില്‍ പ്രധാന പദ്ധതി നാഗവാര ജങ്ഷനില്‍ നിന്ന് ബാഗളൂർ മെയിൻ റോഡ് വരെ 17.9 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി മേല്‍പ്പാലമാണ്. ഇത് ആർ.കെ. ഹെഗ്ഡെ നഗർ, സാംപികെഹള്ളി, തിരുമേനഹള്ളി, ബെല്ലാഹള്ളി എന്നിവിടങ്ങളിലൂടെ കടന്നുപോകും.
സത്തന്നൂർ ഗ്രാമം മുതല്‍ ചോക്കനഹള്ളി ഗ്രാമം വരെയാണ് ഈ ഫ്ലൈഓവർ വരുന്നത്. ഇതിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഇൻഫ്രാ സപ്പോർട്ട് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് തയ്യാറാക്കിയത്.നഗരത്തിൻ്റെ വടക്കുകിഴക്കൻ ഭാഗത്തെ കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 27.1 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു മേല്‍പ്പാലം നിർമിക്കും. ഇത് ഉല്‍സൂർ തടാകത്തിനടുത്തുള്ള മദർ തെരേസ സർക്കിളില്‍ നിന്ന് പുതിയ എയർപോർട്ട് റോഡിലെ ബാഗളൂർ ഗ്രാമം വരെ നീളും. അസ്സേ റോഡ്, ബുദ്ധ വിഹാർ റോഡ്, ഹെന്നൂർ മെയിൻ റോഡ്, ബാഗളൂർ മെയിൻ റോഡ്, കന്നന്നൂർ എന്നിവിടങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്ത് തിരക്കേറിയ സമയങ്ങളില്‍ ഗതാഗത തടസ്സങ്ങള്‍ സാധാരണമാണ്. ഈ മേല്‍പ്പാലത്തിൻ്റെ ഡിപിആർ ഇൻഫ്രാ സപ്പോർട്ട് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് തയ്യാറാക്കിയത്.ബെംഗളൂരു നഗരത്തിൻ്റെ കിഴക്കൻ തെക്കൻ ഭാഗങ്ങളിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10.8 കിലോമീറ്റർ ദൈർഘ്യമുള്ള മേല്‍പ്പാലം നിർദേശിച്ചിട്ടുണ്ട്. ഇത് ഓള്‍ഡ് മദ്രാസ് റോഡില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ വരെയാണ്. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻ, ഇന്ദിരാനഗർ, ഓള്‍ഡ് എയർപോർട്ട് റോഡ്, ഹോസൂർ റോഡ് എന്നിവയിലൂടെ ഈ റോഡ് കടന്നുപോകും. ബംഗളൂരുവിലെ ഏറ്റവും മോശം ട്രാഫിക് ജംഗ്ഷനുകളില്‍ ഒന്നായ സില്‍ക്ക് ബോർഡ് ജംഗ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത് സിദ്ധി ശക്തി പ്രോജക്ട്സ് ആണ്.ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ തെക്കൻ ഭാഗങ്ങളിലെ തിരക്കേറിയ റോഡുകളില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ രണ്ട് മേല്‍പ്പാലങ്ങള്‍ കൂടി നിർദേശിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് മൈസൂർ റോഡിലെ സർസി സർക്കിളില്‍ നിന്ന് നയന്തഹള്ളി വരെ 5.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇത് മൈസൂർ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ വരെ നീളും. മറ്റൊന്ന് മരെനഹള്ളി മെയിൻ റോഡില്‍ (രാഗിഗുഡ്ഡ ജങ്ഷൻ) നിന്ന് കനകപുര മെയിൻ റോഡ് വരെ 18.4 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇത് ബാവുസെൻ പൈപ്പ്ലൈൻ റോഡ് വഴി തലഘട്ടപുര 5-ാം ജങ്ഷന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. കനകപുര റോഡ് മേല്‍പ്പാലത്തിൻ്റെ ഡിപിആർ തയ്യാറാക്കിയത് നാഗേഷ് കണ്‍സള്‍ട്ടൻ്റ്സ് ആണ്.പദ്ധതികളുടെ മേല്‍നോട്ടം, സാങ്കേതിക പരിശോധന, ഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവയെല്ലാം തെരഞ്ഞെടുക്കപ്പെടുന്ന കണ്‍സള്‍ട്ടൻ്റ്സ് ആയിരിക്കും നിർവഹിക്കുക. ഈ പദ്ധതികള്‍ക്കായി കണ്‍സള്‍ട്ടൻസി സേവനങ്ങള്‍ നല്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ടെൻഡർ വിളിച്ചു. പ്രോജക്ട് മാനേജ്മെൻ്റ് കണ്‍സള്‍ട്ടൻ്റ്സ് വിശദമായ പ്രോജക്ട് റിപ്പോർട്ട് കണ്‍സള്‍ട്ടൻ്റ്സ്, പ്രൂഫ് ചെക്കിങ് ഏജൻസികള്‍ എന്നിവർക്കാണ് അവസരം. കർണാടക സർക്കാരിൻ്റെ പ്രൊക്യൂർമെൻ്റ് പോർട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്.