ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരാഴ്ചയും ഏതാനും ദിവസങ്ങളും മാത്രം. ഫിനാലെ വീക്കിന് തൊട്ടുമുന്‍പുള്ള ഈ ആഴ്ച മത്സരാര്‍ഥികളും പ്രേക്ഷകരും ഏറെ കൗതുകത്തോടെ കാത്തിരുന്ന മണി വീക്ക് ആണ് ബിഗ് ബോസ് നടത്തുന്നത്. എന്നാല്‍ വലിയ തുകയുള്ള മണി ബോക്സ് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതിന് പകരം പല ടാസ്കുകളായാണ് ബിഗ് ബോസ് ഇത്തവണ അത് നടത്തിയത്. ബിഗ് ബാങ്ക് വീക്ക് എന്നാണ് ഈ ടാസ്കുകള്‍ ഉള്‍പ്പെട്ട ആഴ്ചയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക ലക്ഷയുദ്ധം എന്ന് പേരിട്ടിരുന്ന, ഇന്നലെ നടന്ന ടാസ്കില്‍ ആയിരുന്നു. ഇതില്‍ ഒന്നാമതെത്തിയ നൂറയ്ക്ക് മൂന്നര ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ അതിനേക്കാള്‍ വലിയ സമ്മാനത്തുകയുള്ള എന്നാല്‍ ഏറെ റിസ്കി ആയ ഒരു ടാസ്ക് കൂടി മണി വീക്കില്‍ ഉണ്ട് എന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.
 
