ഉത്തര കൊറിയയില്‍ നിന്നും മാലിന്യവും വിസര്‍ജ്ജ്യവും നിറച്ച ബലൂണുകള്‍ തങ്ങളുടെ അതിര്‍ത്തിക്കിപ്പുറത്തേക്ക് പറത്തിവിടുന്നെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ഇത്തരത്തില്‍ പറത്തി വിട്ട ബലൂണുകളുടെ ചിത്രങ്ങള്‍ അടക്കം ദക്ഷിണ കൊറിയന്‍ സൈന്യം പുറത്തുവിട്ടു.
മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി സൈന്യം പറഞ്ഞു. പലയിടത്തും ബലൂണ്‍ പൊട്ടി മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ബലൂണുകളോ മറ്റ് അജ്ഞാതവസ്തുക്കളോ ശ്രദ്ധയില്‍പെട്ടാല്‍ തൊടരുതെന്നും പൊലീസിനെയോ സൈന്യത്തെയോ വിവരമറിയിക്കണമെന്നും ദക്ഷിണ കൊറിയ അതിര്‍ത്തിമേഖലയിലെ താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം തരംതാഴ്ന്നതും മനുഷ്യത്വവിരുദ്ധവുമായ നടപടികള്‍ക്കെതിരെ ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് സൈനിക അധികൃതര്‍ പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. അതിര്‍ത്തി കടന്നെത്തുന്ന വസ്തുക്കളെ പരിശോധിക്കാന്‍ പ്രത്യേക വാര്‍ഫെയര്‍ റെസ്പോണ്‍സ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഭരണകൂടത്തെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ ഉള്‍പ്പെടെയുള്ളവ അതിര്‍ത്തിക്കപ്പുറത്തേക്ക് ബലൂണുകളില്‍ പറത്തിവിടുന്ന ദക്ഷിണകൊറിയയുടെ നടപടിക്കുള്ള മറുപടിയാണ് ബലൂണുകളില്‍ മാലിന്യം നിറച്ച് പറത്തിവിടുന്ന ഉത്തരകൊറിയയുടെ നടപടിയെന്നാണ് വിലയിരുത്തല്‍. ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ ലഘുലേഖകളും മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.