ബംഗളൂരു: മൈസൂരു എം.ജി റോഡില്‍ എല്ലാതരം വാഹനങ്ങള്‍ക്കും പാർക്കിങ് നിരോധനം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. നേരത്തെ തെരുവോര കച്ചവടവും മറ്റും തടഞ്ഞതിന്റെ തുടർച്ചയായാണ് പാർക്കിങ് നിരോധനം കൂടി ഏർപ്പെടുത്തുന്നത്. മാനസ റോഡ് ജങ്ഷൻ മുതല്‍ എം.ജി റോഡ് അണ്ടർ ബ്രിഡ്ജ് വരെയാണ് പാർക്കിങ് നിയന്ത്രണം.
പാതയുടെ ഇരുവശവും വാഹനങ്ങള്‍ നിർത്തിയിടരുതെന്നും നിർദേശം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ രമേശ് ബാണോത്ത് പറഞ്ഞു.
മൈസൂരു നഗരത്തിലെ തിരക്കേറിയ പാതയാണ് സിദ്ധാർഥ് നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന എം.ജി റോഡ്. മൈസൂരു മൃഗശാല, കാരാഞ്ചി തടാകം, ലളിത മഹല്‍ പാലസ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള റോഡുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. കൂടാതെ, വിവിധ സർക്കാർ ഓഫിസുകളും ആശുപത്രികളും നഗരത്തിലെ പ്രധാന ഹോട്ടലുകളും റെസിഡൻഷ്യല്‍ ഏരിയയുമടക്കം എം.ജി റോഡിനെ ബന്ധിച്ച് സ്ഥിതി ചെയ്യുന്നുണ്ട്.