ബെംഗളൂരു: ഇന്ത്യയില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന ഒരു സമ്ബ്രദായം നിലവിലില്ലെന്ന് ഓർമ്മിപ്പിച്ച് ബെംഗളൂരു ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ.ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഡിജിറ്റല്‍ സേഫ്റ്റി ടൗണ്‍ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈൻ സുരക്ഷയും ഡിജിറ്റല്‍ തട്ടിപ്പുകളും സംബന്ധിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ബെംഗളൂരു ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ക്രൈം) രാജ ഇമാം കാസിം പിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനവധിയാളുകളെയാണ് ‘ഡിജിറ്റല്‍ അറസ്റ്റിന്’ വിധേയമാക്കുന്നതായി ഭയപ്പെടുത്തി സൈബര്‍ തട്ടിപ്പുകാർ പണം തട്ടുന്നത്. ഈ കെണിയില്‍ പ്രായമായവരും യുവാക്കളുമെല്ലാം വീഴുന്നുണ്ട്. ഇത്തരം കെണികളില്‍ വീഴുന്നവരില്‍ അധികം പേരും വിദ്യാസമ്ബന്നരാണ് എന്നതാണ് പ്രത്യേകത. ബെംഗളൂരു നഗരത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പേരാണ് സൈബർ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ഐടി മേഖലയില്‍ നിന്നുള്ളവർ പോലും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു.
ഡിജിറ്റല്‍ ലോകത്ത് ആർക്കും അറസ്റ്റ് രേഖപ്പെടുത്താൻ കഴിയില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജ ഇമാം കാസിം പി പറഞ്ഞു. “ആരെയും ഡിജിറ്റലായി അറസ്റ്റ് ചെയ്യാൻ കഴിയില്ല; ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ല. പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അവർ നിങ്ങള്‍ക്കടുത്തേക്ക് നേരിട്ട് വരും,” കാസിം വ്യക്തമാക്കി.ഓണ്‍ലൈനായി നടക്കുന്ന മറ്റ് ഉപദ്രവങ്ങളും ചർച്ചാവിഷയമായി സേഫ്റ്റി ടൗണ്‍ഹാളില്‍. സ്നാപ്‌ചാറ്റില്‍ ഒരു പെണ്‍കുട്ടി നേരിട്ട ദുരനുഭവം കാസിം പങ്കുവെച്ചു. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഒരാള്‍ അനുചിതമായ ചിത്രങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് പെണ്‍കുട്ടി വിഷാദത്തിലായി. ഈ സംഭവത്തില്‍, പോലീസ് ആണ്‍കുട്ടിയെ കണ്ടെത്തുകയും അവന്റെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തു. “അവൻ ഒരു മികച്ച ഡിജിറ്റല്‍ കലാകാരനായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ ഭാവിയെക്കരുതി പോലീസ് കേസെടുത്തില്ല. പകരം അവനെ ഉപദേശിച്ചു വിട്ടു.പ്രായമായവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളെക്കുറിച്ചും ഡെപ്യൂട്ടി കമ്മീഷണർ കാസിം സംസാരിച്ചു. ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരാള്‍ വഴി 40 വയസ്സുള്ള ഒരു ഡോക്ടർക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ട സംഭവം അദ്ദേഹം വിവരിച്ചു. “അവർ ഫേസ്ബുക്കില്‍ ഒരാളെ പരിചയപ്പെടുന്നു. ആ വ്യക്തി അവളോട് പറയുന്നു, നിങ്ങള്‍ക്ക് കസ്റ്റംസില്‍ നിന്ന് ഒരു കോള്‍ വരും,” അദ്ദേഹം തട്ടിപ്പുകാരുടെ രീതികള്‍ വിശദീകരിച്ചു.ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപ തട്ടിപ്പുകള്‍ വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. “മിക്ക നിക്ഷേപ തട്ടിപ്പുകളും ടെലിഗ്രാം ചാനലുകള്‍ വഴിയാണ് നടത്തുന്നത്. പണം പിടുങ്ങിയ ശേഷം പെട്ടെന്ന് ടെലിഗ്രാം ചാനല്‍ അപ്രത്യക്ഷമാകും,” അദ്ദേഹം പറഞ്ഞു.