ബെംഗളൂരു : നഗരത്തിലെ റോഡുകളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ അതിതീവ്രമായ എല്‍.ഇ.ഡി (LED) ഹെഡ്ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഘടിപ്പിക്കുന്നവർക്കെതിരെ ട്രാഫിക് പോലീസ് നടപടി ശക്തമാക്കി.ജനുവരി ഏഴിന് ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 9,782 വാഹനങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതില്‍ ബസുകള്‍, ട്രക്കുകള്‍, സ്വകാര്യ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. വെസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ (4,994 കേസുകള്‍) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.AIS-130 മാനദണ്ഡങ്ങള്‍ പ്രകാരം വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളുടെ തെളിച്ചം 725 ല്യൂമൻസില് കൂടാൻ പാടില്ല എന്നാണ് നിയമം. എന്നാല്‍ പലരും 50 മുതല്‍ 100 വാട്ട് വരെയുള്ള അതിതീവ്ര ലൈറ്റുകളാണ് ഉപയോഗിക്കുന്നത്.
ഇത്തരം പ്രകാശരശ്മികള്‍ റോഡില്‍ കൃത്യമായി പതിക്കാതെ എതിരെ വരുന്ന ഡ്രൈവർമാരുടെ കണ്ണുകളിലേക്ക് നേരിട്ട് അടിക്കുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുന്നു. കൂടാതെ, ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള ഫ്ലാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് മറ്റ് വാഹനയാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ലൈറ്റുകള്‍ കണ്ട് പോലീസ് അല്ലെങ്കില്‍ ആംബുലൻസ് പോലുള്ള എമർജൻസി വാഹനങ്ങളാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.സാധാരണ വെള്ള അല്ലെങ്കില്‍ വാം യെല്ലോ ലൈറ്റുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. എല്‍.ഇ.ഡി ബാറുകള്‍, ഫ്ലാഷറുകള്‍, ഡെക്കറേറ്റീവ് ഷോ ലൈറ്റുകള്‍ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും നിയമലംഘനം തുടരുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്കി.