കൊച്ചി : എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിൻ്റെ ഷെഡ്യൂള്‍ പുറത്തിറങ്ങിയതോടെ യാത്രാസമയത്തില്‍ വൻ കുറവുണ്ടാകുന്നതിൻ്റെ സന്തോഷത്തിലാണ് മലയാളികള്‍.കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് സഫലമായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്തെത്തി, രാത്രിയോടെ തിരികെ ബെംഗളൂരുവിലെത്തുന്ന വിധത്തിലാണ് വന്ദേ ഭാരതിൻ്റെ ഷെഡ്യൂള്‍.

ട്രെയിൻ ഓടിത്തുടങ്ങുമ്ബോള്‍ വിദ്യാർഥികളും ഐടി പ്രൊഫഷണലുകളും ഉള്‍പ്പെടെ വലിയ വിഭാഗത്തിനാണ് നേട്ടം ലഭിക്കുന്നത്. യാത്രാ സമയത്തിലെ കുറവ് തന്നെയാണ് ഇതില്‍ പ്രധാനം.ബെംഗളൂരുവില്‍ നിന്ന് രാവിലെ 05:10ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉച്ചയ്ക്ക് 01:50നാണ് എറണാകുളത്തെത്തുക. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 02:20ന് എറണാകുളത്ത് നിന്ന പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിയ്ക്ക് ബെംഗളൂരുവിലെത്തിച്ചേരും. നിലവില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകള്‍ 12 മണിക്കൂർ മുതല്‍ 13 മണിക്കൂർ 18 മിനിറ്റ് വരെയെടുത്താണ് സർവീസ് പൂർത്തിയാക്കുന്നതെങ്കില്‍ വന്ദേ ഭാരത് വെറും എട്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കും.നിലവില്‍ എറണാകുളം ബെംഗളൂരു റൂട്ടില്‍ പ്രതിദിന സർവീസ് നടത്തുന്ന കന്യാകുമാരി – കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് എറണാകുളത്ത് നിന്ന് ബെംഗൂരുവിലെത്താൻ 13 മണിക്കൂർ 18 മിനിറ്റ് എടുക്കുന്നുണ്ട്. മറ്റൊരു പ്രതിദിന ട്രെയിനായ തിരുവനന്തപുരം നോർത്ത് – മൈസൂരു എക്സ്പ്രസ് 11 മണിക്കൂർ 48 മിനിറ്റും എറണാകുളം – ബെംഗളൂരു ഇൻ്റർസിറ്റി 11 മണിക്കൂർ 50 മിനിറ്റും യശ്വന്ത്പുർ ഗരീബ് രഥ് എക്സപ്രസ് 12 മണിക്കൂർ 45 മിനിറ്റും എടുക്കുമ്ബോഴാണ് വന്ദേ ഭാരത് 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് സർവീസ് പൂർത്തിയാക്കുക.എറണാകുളം – ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ ഒന്നും രണ്ടും ദിവസം ഓടുന്ന മറ്റു ട്രെയിനുകള്‍ക്കും 11 മണിക്കൂറിലധികം വേണം സർവീസ് പൂർത്തിയാക്കാൻ. തിങ്കള്‍, ബുധൻ, ഞായർ ദിവസങ്ങളില്‍ സർവീസ് നടത്തുന്ന എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12683) ആണ് നിലവില്‍ ഈ റൂട്ടിലെ വേഗമേറിയ ട്രെയിൻ. 11 മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ടാണ് ഈ ട്രെയിൻ സർവീസ് പൂർത്തിയാക്കുക. ഈ സാഹചര്യത്തിലാണ് ഒൻപത് മണിക്കൂറില്‍ താഴെ സമയം കൊണ്ട് വന്ദേ ഭാരതില്‍ ബെംഗളൂരുവിലെത്താൻ കഴിയുക.പ്രതിദിന സർവീസുകളുടെ കണക്കെടുത്താല്‍ വന്ദേ ഭാരത് എക്സ്പ്രസ് വലിയ സമയ ലാഭമാണ് യാത്രക്കാർക്ക് നല്‍കുക. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും വന്ദേ ഭാരത് സർവീസ് നടത്തുകയും ചെയ്യും. കഴിഞ്ഞവർഷം എറണാകുളം – ബെംഗളൂരു റൂട്ടില്‍ സർവീസ് നടത്തിയ വന്ദേ ഭാരത് സ്പെഷ്യല്‍ 9 മണിക്കൂർ 10 മിനിറ്റാണ് സർവീസ് പൂർത്തിയാക്കാൻ എടുത്തിരുന്നത്. ഇതിനേക്കാള്‍ 30 മിനിറ്റ് കുറവ് സമയമേ പുതിയ വന്ദേ ഭാരത് ട്രെയിനിന് വേണ്ടി വരുന്നുള്ളൂ.