ബംഗളൂരു: ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡ്രസ് കോഡ് സംബന്ധിച്ച് കർണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൂട്ടായ്മ സമർപ്പിച്ച നിർദേശം തള്ളിയതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടത് നല്ല മനസ്സോടെയാണ്.
സർക്കാറിന്റെ മുസ്‌റായി വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സാരിയോ മുണ്ടോ ധരിക്കാൻ പറയാൻ ആർക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹംപി വിരുപാക്ഷ ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നടപ്പാക്കിയതില്‍ സർക്കാറിന് പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാരിയും മുണ്ടും അല്ലാത്ത വസ്ത്രങ്ങളെയൊക്കെ മാന്യമല്ലാത്ത വസ്ത്രമെന്ന് വിശേഷിപ്പിച്ചായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തില്‍ ജില്ല ഭരണകൂടം പുതിയ ഡ്രസ് കോഡ് നിർദേശം ഉത്തരവായി ഇറക്കിയത്.
വിജയപുര ജില്ല കലക്ടർ എം.എസ്. ദിവാകർ ഇറക്കിയ ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച സിദ്ധരാമയ്യ ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്നും സർക്കാർ വകുപ്പുകള്‍ക്ക് ഇതില്‍ പങ്കില്ലെന്നും വ്യക്തമാക്കി.