ബെംഗളൂരു: സംസ്ഥാനത്ത് കനത്ത ചൂടാണ്അനുഭവപ്പെടുന്നത്. കലബുറഗി, ബീദർ, ബെലഗാവി, ബാഗൽക്കോട്ട് തുടങ്ങിയ ജില്ലകളിൽ ദിവസങ്ങളായി 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് താപനില. സംസ്ഥാനത്തൊട്ടാകെ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കോടതികളിലും താലൂക്ക് കോടതികളിലുമെത്തുന്ന അഭിഭാഷകർ കറുത്ത കോട്ടിടേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി.
കഴിഞ്ഞദിവസം ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, സംവിധാനമുള്ളതിനാൽ ഹൈക്കോടതിയിലെത്തുന്ന അഭിഭാഷകർക്ക് നിർദേശം ബാധകമല്ല.
വെള്ളയോ മറ്റേതെങ്കിലും ഇളംനിറമുള്ള വസ്ത്രമോ അഭിഭാഷകർക്ക് ഉപയോഗിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വെള്ളനിറമുള്ള നെക്ക് ബാൻഡ് നിർബന്ധമാണ്. ചൂടുകാലത്ത് കറുത്ത കോട്ടിട്ട് കോടതിയിലെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും വേനൽ കഴിയുന്നതുവരെ ഇളവ് ആവശ്യപ്പെട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി