Home Featured നിപയിൽ അതീവ ജാഗ്രത; മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്ത്

നിപയിൽ അതീവ ജാഗ്രത; മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്ത്

by admin

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തട്ടാൻകോട് മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തു. തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തി. 9നും 10നും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 10ന് വൈകിട്ട് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 11ന് രാവിലെ ഡോ. ജ്യോതികുമാറിന്റെ ക്ലിനികിലെത്തിയെന്നും അവിടെ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെന്നുമാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക്  തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ, ആഗസ്റ്റ് – 28 രാത്രി 09:30 ന് തൊട്ടിൽപാലം ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ, ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. 

അതേസമയം, നിപ രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്ന് 350 ആയി. ഇതിൽ കൂടുതൽ പേരും ഹൈറിസ്ക് വിഭാഗത്തിലാണെന്ന്  കോഴിക്കോട് ജില്ലാ കളക്ട‌ർ അറിയിച്ചു. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി.  

നിപ ജാഗ്രത: സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ, 702 പേരെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ  സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  മൊബൈൽ ലാബടക്കം കോഴിക്കോട് ജില്ലയിൽ സജ്ജമാക്കാൻ തീരുമാനമായിട്ടുണ്ട്. പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് നടപടി.

അതേസമയം നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം വൈകിട്ട് നാലരയ്ക്ക് തുടങ്ങും. ഓൺലൈൻ ആയിട്ട് ചേരുന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരടക്കം പങ്കെടുക്കും. ജില്ലയിലെ നിപ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ സജ്ജമാക്കിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

അതിനിടെ  നിപ വിഷയം നിയമസഭയിലും ഇന്ന് ചർച്ചയായി. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുണ്ടായിട്ടും പുനെയിലേക്ക് അയച്ചതിലെ ആരോഗ്യമന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തള്ളുകയായിരുന്നു. പൂനയിലേക്ക് സാംപിളുകൾ അയച്ചത് സാങ്കേതിക നടപടി എന്നായിരുന്നു വീണാ ജോർജ്ജിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്ന ചോദ്യം പൊതുവിൽ ഉയരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group