ദില്ലി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായി. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിനു നേതൃത്വം നല്കിയ പ്രജ്ഞാ യാദവ് വ്യക്തമാക്കി.\