ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളില്‍ താപനില ഗണ്യമായി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തീരദേശ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും ഉള്‍പ്രദേശങ്ങളില്‍ രാത്രികളില്‍ ഉയര്‍ന്ന തണുപ്പിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.ബെംഗളൂരുവില്‍ കുളിരുള്ള കാലാവസ്ഥയായിരിക്കും. പുലർച്ചെ മൂടല്‍മഞ്ഞും തണുത്ത കാറ്റും ഉണ്ടാകാം.ബെലഗവി, ബിദാർ, വിജയപുര, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, മാണ്ഡ്യ, മൈസൂരു, ചിക്കമംഗളൂരു, ശിവമോഗ തുടങ്ങിയ ജില്ലകളില്‍ താപനിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.തീരദേശത്ത് മംഗളൂരു, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ ജില്ലകളില്‍ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില 17°C നും 19°C നും ഇടയിലായിരിക്കും. ഈ പ്രദേശങ്ങളില്‍ തുടർച്ചയായി മഴ പെയ്യാനിടയുണ്ടെന്നും, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
ബെംഗളൂരുവില്‍ പകല്‍ സമയത്തെ ഉയർന്ന താപനില ഏകദേശം 28°C ആയിരിക്കും. ഏറ്റവും കുറഞ്ഞ താപനില 17°C ആയിരിക്കും. മൂടല്‍മഞ്ഞും തണുത്ത കാറ്റും കാരണം പുലർച്ചെ യാത്ര ചെയ്യുന്നവർക്ക് പ്രയാസം അനുഭവപ്പെട്ടേക്കാം.താപനിലയിലെ ഈ കുറവ് കർണാടകയില്‍ മാത്രം ഒതുങ്ങില്ല. അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ സമാനമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കർണാടകത്തില്‍ ഡിസംബർ 13 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.ഡിറ്റ്‌വ ചക്രവാതത്തിന്റെ സ്വാധീനത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. ബെംഗളൂരു ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡിസംബർ മാസത്തില്‍ മഴ പ്രതീക്ഷിക്കുന്നു.തമിഴ്‌നാട്ടില്‍ അപ്രതീക്ഷിതമായ തോതിലുള്ള തണുപ്പാണ് അനുഭവപ്പെട്ടു പോന്നിരുന്നത്. ഇപ്പോള്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നത് താപനില ഗണ്യമായി കുറയുമെന്നാണ്. അതെസമയം ഡിസംബർ 12 മുതല്‍ വടക്കൻ, മധ്യ തമിഴ്‌നാട്ടില്‍ ‘മിനി കോള്‍ഡ് വേവ്’ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.ചില സ്വകാര്യ കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നത് കാഞ്ചിപുരം, തിരുവള്ളൂർ, ചെന്നൈ, ചെങ്കല്‍പേട്ട് മേഖലകളില്‍ രാത്രികാലങ്ങളില്‍ തണുപ്പ് കൂടും. ബംഗളൂരു-ഹോസൂർ മേഖലയില്‍ താപനില 10°C നും 12°C നും ഇടയിലേക്ക് താഴാം. ഇത് ഈ സീസണിലെ ഏറ്റവും വലിയ തണുപ്പായിരിക്കും. ഊട്ടി, കൊടൈക്കനാല്‍ പോലുള്ള മലമ്ബ്രദേശങ്ങളില്‍ താപനില 5°C ക്ക് താഴെ പോകാനും സാധ്യതയുണ്ട്.വെല്ലൂർ, തിരുപ്പത്തൂർ, സേലം, ഈറോഡ്, കോയമ്ബത്തൂർ, ധർമ്മപുരി ജില്ലകളിലും വരണ്ടതും തണുത്തതുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പടിഞ്ഞാറൻ തീരപ്രദേശങ്ങളില്‍ ഇതിന് വിപരീതമായി ചൂട് കൂടാനാണ് സാധ്യത. ഉയർന്ന മർദ്ദം കാരണം ഈ ഭാഗങ്ങളില്‍ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.