ബെംഗളൂരു: ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ ഒളിവിലുള്ള പ്രതിക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബെംഗളൂരു ആർ.ടി. നഗർ സ്വദേശി ജുനൈദിനെ പിടികൂടാനാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. വിദേശത്തേക്ക് കടന്നതായാണ് സംശയം.
സംഘത്തിലെ അഞ്ചുപേരെ പോലീസ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു. ബെംഗളൂരു സ്വദേശികളായ സൈദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ശാഹിദ് തബ്രേസ് (25), സൈദ് മുദസിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ സുൽത്താൻപാളയയ്ക്ക് സമീപമുള്ള കനകനഗർ ഭാഗത്തെ ഒരു വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതിയിട്ടതായാണ് കേസ്. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരുന്നു. ജൂനൈദിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് അറിയാനാണ് ശ്രമം. ഇയാൾ ഏതു രാജ്യത്താണുള്ളതെന്ന് വ്യക്തമായതിനുശേഷം തിരച്ചിലിനായി ഇന്റർപോളിന്റെ സഹായം തേടാനാണ് നീക്കമെന്ന് പോലീസ് പറഞ്ഞു.
മണ്ണിടിച്ചിൽ: മംഗളൂരു-മടിക്കേരി പാതയിൽ ഗതാഗതംതടസ്സപ്പെട്ടു
ബെംഗളൂരു: കനത്തമഴയിൽ മണ്ണിടിഞ്ഞുവീണ് മംഗളൂരു-മടിക്കേരി ദേശീയപാത 275-ൽ ഗതാഗതം തടസ്സപ്പെട്ടു. മടിക്കേരിക്ക് സമീപം മടേനാടുവിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞുവീണത്. റോഡിനുമുകൾഭാഗത്തെ മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മരങ്ങളും റോഡിലേക്ക് പതിച്ചു. പിന്നീട് ഇവനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടുദിവസമായി കുടക് മേഖലയിൽ കനത്തമഴയാണ്.