ബംഗളൂരു: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ യാദ്ഗിര്‍ ഷഹാപൂരില്‍ യുവാവിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തു.ഖാലിദ് അഹ്മദ് എന്നയാളെയാണ് എൻ.ഐ.എ സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്. ജൂലൈയില്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ ഐ.എസ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഫൈസാൻ അൻസാരിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥൻ സച്ചിദാനന്ദ ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഷഹാപൂരിലെ വസതിയില്‍ മൂന്നു മണിക്കൂറോളം യുവാവിനെ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ 20ന് റാഞ്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബാകെ ഹാജരാകാനും നോട്ടീസ് നല്‍കി. ഫൈസാൻ അൻസാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻ.ഐ.എ ഖാലിദിനെ ചോദ്യം ചെയ്യുന്നത്. അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ അൻസാരിയെ കഴിഞ്ഞ ജൂലൈയില്‍ ഝാര്‍ഖണ്ഡിലെ ലോഹാര്‍ദഗയില്‍നിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഐ.എസ് സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്ന അൻസാരി ഝാര്‍ഖണ്ഡില്‍ തീവ്രവാദ സംഘത്തെ നിര്‍മിക്കാൻ ശ്രമിച്ചുവരുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.