ബെംഗളൂരു: ഇന്ത്യയിലെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാമതാണ് ബെംഗളൂരു. യുവത്വത്തിന്റെ ഉന്മാദവും ലഹരിയും നുരയുന്ന ബെംഗളൂരുവിലേക്കു പോകാന്‍ ട്രെയിനിലും ബസിലുമൊക്കെ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കാം എന്നതാണ് ബെംഗളൂരു നഗരത്തിന്റെ പ്രത്യേകത. എന്നാല്‍ ഇതൊക്കെയാണെങ്കിലും ഇക്കുറി കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. ഗോവയിലുണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.നഗരത്തിലുടനീളം നടക്കുന്ന പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുടെ ഉടമകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചു. ക്രമസമാധാനം നിലനിര്‍ത്താനും സുരക്ഷ ഉറപ്പാക്കാനും 30 മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നടപടി.
ആള്‍ക്കൂട്ട നിയന്ത്രണം, പ്രായപരിധി, പ്രവര്‍ത്തന സമയം, സ്ത്രീ സുരക്ഷ, ശബ്ദമലിനീകരണം, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നിവ കേന്ദ്രീകരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആഘോഷവേളയില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മാര്ഗനിര്ദേശങ്ങളെന്ന് പൊലീസ് പറഞ്ഞു.വിശാലമായ പ്രവേശന, എക്സിറ്റ് ക്രമീകരണങ്ങള്‍, അഗ്നി സുരക്ഷാ നടപടികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. റേവ് പാര്‍ട്ടികളും നിയമവിരുദ്ധ പരിപാടികളും നടത്തുന്നത് നിരോധിച്ചു. പരിപാടിയില്‍ പടക്കങ്ങളും ആയുധങ്ങളും അനുവദിക്കില്ല.സ്ഥാപനങ്ങള്‍ ശരിയായ ക്യൂ മാനേജ്മെന്റ് ഉറപ്പാക്കണം. പരിപാടികളുടെ പ്ലാനുകള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. എല്ലാ ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും ക്ലബ്ബുകളും പുലര്‍ച്ചെ ഒരു മണിക്ക് മുമ്പ് അടയ്ക്കണം.അടച്ചുപൂട്ടല്‍ സമയം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നീട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും, പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവ തുറന്നുവയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. എല്ലാ സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെ ആഘോഷിക്കാനും സമാധാനപരമായ ആഘോഷങ്ങള്‍ ഉറപ്പാക്കാനും പൊലീസുമായി സഹകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.തീപിടിത്ത അപകടങ്ങളും തിക്കിലും തിരക്കിലും ആളുകള്‍ വീഴുന്നതും തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പ്രവേശന കവാടങ്ങളിലും, എക്സിറ്റ് പോയിന്റുകളിലും, പാര്‍ക്കിങ് ഏരിയകളിലും, പരിപാടിയുടെ പരിസരത്തും തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.സ്ത്രീകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍, വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍, സംഘാടകര്‍ക്കും സ്ഥാപനത്തിന്റെ ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കും. സുരക്ഷാ ജീവനക്കാര്‍, ഡിജെമാര്‍, ബൗണ്‍സര്‍മാരെ നിയോഗിക്കുന്ന ഏജന്‍സികള്‍, പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സി റെഗുലേഷന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. അവരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും സഹിതം പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി സമര്‍പ്പിക്കണം.ഗോവയില്‍ അടുത്തിടെ നിശാ ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.