ബെംഗളൂരു: കർണാടകയില്‍ ഡ്രൈവർമാരെ ടൂറിസ്റ്റ് ഗൈഡുകളായി പരിശീലിപ്പിക്കാൻ പദ്ധതിയുമായി ഉബർ ഇന്ത്യ. യുവാക്കളുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.കർണാടക സ്കില്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഈ പദ്ധതിയില്‍ ഊബറുമായി സഹകരിക്കും. അടുത്ത വർഷം ഇതുമായി ബന്ധപ്പെട്ട ഒരു പൈലറ്റ് പ്രോഗ്രാം നടത്തിയേക്കും. കർണാടകയിലെ യുവാക്കള്‍ക്ക് ഉപജീവന മാർഗങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡ്രൈവർമാർക്ക് പരിശീലനവും സർട്ടിഫൈഡ് ടൂറിസ്റ്റ്-ഗൈഡ് സ്കില്ലുകളും സംയോജിപ്പിക്കുന്ന സംരംഭം ഊബർ ഇന്ത്യ നിർദ്ദേശിച്ചതായി നൈപുണ്യ വികസന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ടൂറിസം മേഖലയുമായി ഡ്രൈവർമാരെ ബന്ധിപ്പിക്കുന്നതിലൂടെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനാകുമെന്ന് ഊബറിന്റെ പബ്ലിക് പോളിസി (ഏഷ്യ പസഫിക്) മേധാവി മൈക്ക് ഓർഗില്‍ പറഞ്ഞു. വികാസ സൗധയില്‍ നൈപുണ്യ വികസന മന്ത്രി ഡോ. ശരണപ്രകാശ് ആർ. പാട്ടീലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവില്‍ ലൈറ്റ്, ഹെവി വെഹിക്കിള്‍ ഡ്രൈവിംഗില്‍ കർണാടക സ്കില്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഡിസി) പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം ലഭിച്ച 100-ലധികം ഡ്രൈവർമാർ ഇതിനകം ഇന്ത്യയിലും വിദേശത്തും തൊഴില്‍ നേടിയിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് വരുമാന സാധ്യത കൂടുതല്‍ വർദ്ധിപ്പിക്കുന്നതിനായി ഊബർ ഒരു ഡ്രൈവർ-കം-ടൂറിസ്റ്റ് ഗൈഡ് പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.മികച്ച പരിശീലനം ലഭിച്ച ഒരു പ്രാദേശിക ക്യാബ് ഡ്രൈവർക്ക് ഫലപ്രദമായ ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കാൻ കഴിയുന്ന എണ്ണമറ്റ ടൂറിസം കേന്ദ്രങ്ങള്‍ കർണാടകയിലുണ്ടെന്ന് ഓർഗില്‍ പറഞ്ഞു. ഡ്രൈവർ പ്രോഗ്രാമുകളില്‍ സോഫ്റ്റ്-സ്കില്‍ പരിശീലനം സംയോജിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റൊരു യോഗത്തില്‍, ഐഫോണ്‍ നിർമ്മാതാക്കളായ ഫോക്‌സ്‌കോണിന് ക്യാമറ സൊല്യൂഷനുകള്‍ നല്‍കുന്ന കൊറിയൻ പ്രമോട്ടഡ് സ്ഥാപനമായ ഹൈവിഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സർക്കാർ ഉടമസ്ഥതയിലുള്ള ഗവണ്‍മെന്റ് ടൂള്‍ റൂം ആൻഡ് ട്രെയിനിംഗ് സെന്ററുമായി (ജിടിടിസി) ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.