ന്യൂഡല്‍ഹി: വടംവലിയെ ഇനി ബഹുമാനത്തോടെ കാണണം. കാരണം, കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ വടംവലിയെയും ഉള്‍പ്പെടുത്തി. വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വടംവലി ഉള്‍പ്പെടെ നിരവധി കായിക ഇനങ്ങളാണ് പുതിയതായി സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഇടം പിടിച്ചത്.
ബേസ് ബോള്‍, ബോഡി ബില്‍ഡിംഗ്, സൈക്കിള്‍ പോളോ, ഡെഫ് സ്പോര്‍ട്സ്, ഫെന്‍സിംഗ്, കുഡോ, മല്ലക്കമ്ബ്,
മോട്ടോര്‍ സ്പോര്‍ട്സ്, നെറ്റ് ബോള്‍, പാരാ സ്പോര്‍ട്സ്, പെന്‍കാക് സിലാട്, ഷൂട്ടിംഗ് ബോള്‍, റോള്‍ ബോള്‍, റഗ്ബി, സെപക് ടാക്റോ, സോഫ്റ്റ് ടെന്നിസ്, ടെന്പിന് ബൗളിംഗ്, ട്രയാത്തലോണ്‍, വടംവടി, വുഷു, ടെന്നിസ് ബോള്‍ ക്രിക്കറ്റ് എന്നിവയാണ് പുതിയതായി സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഇടം പിടിച്ച ഇനങ്ങള്‍.
മന്ത്രാലയങ്ങളിലെ / സര്‍ക്കാര്‍ വകുപ്പിലെ ഗ്രൂപ്പ് ‘സി’ യിലെ ഏതെങ്കിലും തസ്തികയിലേക്ക് യോഗ്യതയുള്ള കായിക വ്യക്തികളെ നിയമിക്കുന്നതിന് യോഗ്യതയുള്ള കായിക വിഭാഗങ്ങളുടെ പട്ടികയിലേക്ക് ആണ് വടംവലി ഉള്‍പ്പെടെയുള്ള 21 ഇനങ്ങള്‍ ഇടം പിടിച്ചത്.
അതേസമയം, കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലടക്കം രാജ്യത്ത് കായിക നിലവാരം ഉയര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഗ്രാമീണ യുവജനങ്ങളുടെ പ്രോത്സാഹനത്തിനായി ഗ്രാമീണ മേഖലകളില്‍ അടക്കം രാജ്യത്ത് കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കായിക നിലവാരം ഉയര്‍ത്തുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിന്നതിനുമായി യുവജനകാര്യ കായിക മന്ത്രാലയം ഇനിപ്പറയുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു.
– ഖെലോ ഇന്ത്യ സ്കീം
– ദേശീയ കായിക ഫെഡറേഷനുകളുടെ സഹായം
– അന്താരാഷ്ട്ര കായിക ഇനങ്ങളിലെ വിജയികള്‍ക്കും അവരുടെ പരിശീലകര്‍ക്കും പ്രത്യേക അവാര്‍ഡുകള്‍
– ദേശീയ കായിക അവാര്‍ഡുകള്‍, മികച്ച കായിക വ്യക്തികള്‍ക്ക് പെന്ഷന്
– പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ദേശീയ കായിക ക്ഷേമനിധി
– ദേശീയ കായിക വികസന ഫണ്ട്
– സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങള്‍ നടത്തും
സംസ്ഥാന സര്‍ക്കാര്‍ വഴിയല്ല, കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. വിവിധ കായിക പദ്ധതികള്‍ പ്രകാരം 2017-18 ല്‍ 1393.21 കോടി രൂപയും 2018-19 ല്‍ 1381.52 കോടി രൂപയും 2019-20 ല്‍ 2000 കോടി രൂപയും അനുവദിച്ചു.
യുവജനകാര്യ കായിക സഹമന്ത്രി കിരണ്‍ റിജിജു തിങ്കളാഴ്ച രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.