ബെംഗളൂരു: മജെസ്റ്റിക് മെട്രോസ്റ്റേഷനിൽ ഗ്രീൻലൈൻ പ്ലാറ്റ്ഫോമിലേക്ക് പുതിയ പാസേജൊരുക്കി മെട്രോ റെയിൽ കോർപ്പറേഷൻ.യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. പർപ്പിൾലൈനിൻ്റെ പ്ലാറ്റ്ഫോം രണ്ടിൽനിന്ന് ഗ്രീൻലൈനിന്റെ്റെ മൂന്ന്, നാല് പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാൻകഴിയുന്നവിധത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്.
ഇതോടെ തിരക്കേറിയസമയങ്ങളിൽ പ്ലാറ്റ്ഫോമിലേക്കുവരിനിന്ന് കടന്നുപോകേണ്ട സാഹചര്യമൊഴിവാകും. ഗ്രീൻലൈനിൻ്റെ മൂന്ന്, നാല് പ്ലാറ്റ്ഫോമിലേക്ക് കടന്നുപോകേണ്ടവഴികളിൽ കാത്തുനിന്ന് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോൾ മെട്രോ തീവണ്ടി കടന്നുപോകുന്നുവെന്ന പരാതി വലിയതോതിൽ ഉയർന്നിരുന്നു.കൂടുതൽ ഇടനാഴികൾ ഒരുക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരംകാണാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി മെട്രോ റെയിൽ കോർപ്പറേഷനിലെ വിദഗ്‌ധർ പരിശോധിച്ചാണ് പുതിയ ഇടനാഴിക്കുള്ള സ്ഥലം കണ്ടെത്തിയത്.
അടുത്തഘട്ടത്തിൽ ഗ്രീൻലൈനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാനുള്ള ഇടനാഴിയും നിർമിക്കാൻ പദ്ധതിയുണ്ട്. ഇതിനുള്ള സ്ഥലം മെട്രോസ്റ്റേഷനുള്ളിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മെട്രോലൈനിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്റ്റേഷനാണ് മജെസ്റ്റിക്. നിലവിലുള്ള ഒരേയൊരു ഇന്റർചേഞ്ച് സ്റ്റേഷൻകൂടിയാണിത്.