Home Featured ഹെബ്ബാൾ മേൽപ്പാലത്തോട് ചേർന്ന് പുതിയ റാംപ് റോഡ് ഗതാഗതത്തിന് തുറന്നു

ഹെബ്ബാൾ മേൽപ്പാലത്തോട് ചേർന്ന് പുതിയ റാംപ് റോഡ് ഗതാഗതത്തിന് തുറന്നു

by admin

ബെംഗളൂരു : നഗരത്തിൽ ഗതാഗതക്കുരുക്കിൽവീർപ്പുമുട്ടുന്ന ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്)ഗതാഗതത്തിന് തുറന്നു കൊടുത്തു. ഹെബ്ബാൾ ജങ്ഷൻ വഴി വരുന്ന യാത്രക്കാർക്ക് പുതിയ റാംപ് റോഡ് അനുഗ്രഹമാകും. പഴയ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്കിന് അയവുവരുകയും ചെയ്യും. മേൽപ്പാലത്തെ ബന്ധിപ്പിച്ച് 700 മീറ്റർ നീളമുള്ള റാംപാണ് നിർമിച്ചിരിക്കുന്നത്. 80 കോടി രൂപ ചെലവിലാണ് നിർമാണം. ഈ പാതയിലൂടെയുള്ള ഗതാഗതക്കുരുക്കിൻ്റെ 30 ശതമാനം കുറയ്ക്കാൻ ലൂപ് റോഡിന് കഴിയുമെന്നാണ് പ്രതീക്ഷ.

നാഗവാര, കെ.ആർ. പുരം, മേബ്രി സർക്കിൾ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താൻ റാംപ് റോഡ് തുറന്നതോടെ കഴിയും. റാംപ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ, നഗരവികസന മന്ത്രി ബൈരതി സുരേഷ്, എൻ.എ. ഹാരിസ് എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു.

ഉദ്ഘാടനത്തിന് ഗതാഗക്കുരുക്കും : നഗരപാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സമയത്ത് റാംപ് റോഡ് ഉദ്ഘാടനം ചെയ്യാൻ തിരഞ്ഞെടുത്തത് കുരുക്ക് രൂക്ഷമാക്കി. രാവിലെ 11 മണിയോടെയാണ് റോഡിൻ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വലിയപരിപാടിക്ക് ഒരുക്കം നടത്തിയതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം പലയിടങ്ങളിൽനിന്നും തടഞ്ഞു. വാഹനങ്ങൾ റോഡുകളിൽ നിശ്ചലമായിക്കിടക്കുന്ന സ്ഥിതിയായി. രാവിലെ ഓഫീസുകളിലേക്കുപോകുന്നവർ കടുത്ത ദുരിതത്തിലായി. പലരും മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group