ന്യൂഡല്‍ഹി: ഐഫോണ്‍-15 സീരീസുകളുടെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. ഫോണുകള്‍ മുൻകൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇന്ന് ആപ്പിള്‍ സ്റ്റോറുകളിലെത്തി പണമടച്ച് ഫോണ്‍ കൊണ്ടുപോകാവുന്നതാണ്.
ഇന്ത്യയിലെ രണ്ട് ആപ്പിള്‍ സ്റ്റോറുകളിലൊന്ന് സ്ഥിതിചെയ്യുന്ന ഡല്‍ഹിയിലെ സാകേതിലുള്ള സിറ്റിവാക്ക് മാളില്‍ ഫോണ്‍ വാങ്ങാനെത്തിയവരുടെ വലിയ നിരയാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാല് മണിമുതല്‍ ക്യൂ നിന്നായിരുന്നു ഉപയോക്താക്കള്‍ ഫോണ്‍ സ്വന്തമാക്കിയത്.
ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഐഫോണ്‍-15 സീരീസ് ആദ്യമായി വാങ്ങിയ രാഹുല്‍ എന്ന ഉപയോക്താവ് തന്റെ സന്തോഷം മാദ്ധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചു. “രാവിലെ നാല് മണിക്ക് ഇവിടെയെത്തി. അതുകൊണ്ടാണ് ഫോണ്‍ ആദ്യം വാങ്ങാൻ കഴിഞ്ഞത്. മുന്തിയ ഫോണുകളെല്ലാം ഞാൻ വാങ്ങാറുണ്ട്. ഐഫോണ്‍ 13 പ്രോ മാക്‌സ്, ഐഫോണ്‍ 14 പ്രോ മാക്‌സ് എല്ലാം എന്റെ പക്കലുണ്ടായിരുന്നു. 15-ാം സീരീസ് പ്രഖ്യാപിച്ചതോടെ അതും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. എല്ലാവരേക്കാളും മുമ്ബ് തന്നെ വാങ്ങണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ” രാഹുല്‍ പറഞ്ഞു.
അതേസമയം മുംബൈയിലെ ബികെസിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ ക്യൂ ഉണ്ടായിരുന്നു. പലരും 17 മണിക്കൂറോളം ക്യൂ നിന്നാണ് ഐഫോണ്‍ സ്വന്തമാക്കിയത്. ആദ്യം ഫോണ്‍ ലഭിക്കുക എന്നുള്ളതായിരുന്നു ഓരോ ഉപഭോക്താക്കളുടെയും ആവശ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ആപ്പിള്‍ സ്റ്റോറുകളിലേക്കുമായി എത്തിയിരുന്നു. നൂറിലധികം പേരാണ് രണ്ടിടത്തും ക്യൂ നിന്നിരുന്നത്.
- ഇന്ത്യയിലെ ഐഫോണ്‍ 15 വില:
- ഐഫോണ്‍ 15 (128 ജിബി): 79,900 രൂപ
- ഐഫോണ്‍ 15 (256 ജിബി): 89,900 രൂപ
- ഐഫോണ്‍ 15 (512 ജിബി): 1,09,900 രൂപ
- ഐഫോണ്‍ 15 പ്ലസ് ഇന്ത്യയിലെ വില:
- ഐഫോണ്‍ 15 പ്ലസ് (128 ജിബി): 89,900 രൂപ
- ഐഫോണ്‍ 15 പ്ലസ് (256 ജിബി): 99,900 രൂപ
- ഐഫോണ്‍ 15 പ്ലസ് (512 ജിബി): 1,19,900 രൂപ
- ഐഫോണ്‍ 15 പ്രോയുടെ ഇന്ത്യയിലെ വില:
- ഐഫോണ്‍ 15 പ്രോ(128 ജിബി): 1,34,900 രൂപ
- ഐഫോണ്‍ 15 പ്രോ (256 ജിബി): 1,44,900 രൂപ
- ഐഫോണ്‍ 15 പ്രോ (512 ജിബി): 1,64,900 രൂപ
- ഐഫോണ്‍ 15 പ്രോ (1 ടിബി): 1,84,900 രൂപ
- ഐഫോണ്‍ 15 പ്രോ മാക്സിന്റെ ഇന്ത്യയിലെ വില:
- ഐഫോണ്‍ 15 പ്രോ മാക്സ് (256 ജിബി): 1,59,900 രൂപ
- ഐഫോണ്‍ 15 പ്രോ മാക്സ് (512 ജിബി): 1,79,900 രൂപ
- ഐഫോണ്‍ 15 പ്രോ മാക്സ് (1 ടിബി): 1,99,900 രൂപ
പുതിയ ഐഫോണ്‍ 15 സീരീസിനുള്ള ഡിസ്കൗണ്ടുകള്‍
പുതിയ ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകള്‍ വാങ്ങാനായി HDFC ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 6,000 രൂപ തല്‍ക്ഷണ കിഴിവ് ലഭിക്കുമെന്ന് ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നോണ്‍-പ്രോ മോഡലുകളായ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് ആപ്പിള്‍ 5,000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നു. ഈ ഓഫറുകള്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്കും ബാധകമാണ്, 14, 14 പ്ലസ് എന്നിവക്ക് 4000 രൂപയും ഐഫോണ്‍ 13ന് 3000 രൂപയും ഐഫോണ്‍ എസ്.ഇക്ക് 2000 രൂപ വരെയുമാണ് കിഴിവ്.
ട്രേഡ് ഇൻ ഓപ്ഷൻസ്
നേരിട്ടുള്ള കിഴിവുകള്‍ക്ക് പുറമേ, ആപ്പിള്‍ ‘ട്രേഡ്-ഇൻ’ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ ഒരു പുതിയ ഐഫോണ്‍ വാങ്ങാനായി യോഗ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ എക്സ്ചേഞ്ചായി കൈമാറുമ്ബോള്‍ 55,700 രൂപ വരെ തല്‍ക്ഷണ ക്രെഡിറ്റ് ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു.
ഐഫോണ്‍ 15 സ്വന്തമാക്കാം 48,900 രൂപക്ക്
അതെ, ഏറ്റവും പുതിയ ഐഫോണ്‍ 15 വെറും 48,900 രൂപക്ക് സ്വന്തമാക്കുന്നതെങ്ങനെ എന്ന് നോക്കാം. ഐഫോണ്‍ 15 എന്ന വനില മോഡലിന്റെ 128 ജിബി വകഭേദത്തിന് 79,900 രൂപയാണ് ഇന്ത്യയിലെ ഐസ്റ്റോറുകളിലെ വില. എന്നാല്‍, നിങ്ങള്‍ HDFC ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുകയാണെങ്കില്‍, സ്റ്റോറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങള്‍ക്ക് 5,000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ കഴിയും. ഇത് ഫലത്തില്‍ വില 74,900 രൂപയായി കുറയ്ക്കുന്നു.
നിങ്ങളുടെ കൈയ്യില്‍ എക്സ്ചേഞ്ച് ചെയ്യാനായി നല്ല കണ്ടീഷനിലുള്ള ഐഫോണ്‍ 12 എന്ന മോഡലുണ്ടെങ്കില്‍ കമ്ബനിയുടെ ട്രേഡ്-ഇൻ ഓഫറിന്റെ ഭാഗമായി 20,000 രൂപയുടെ അധിക കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. അപ്പോള്‍ വില 54,900 രൂപയായി കുറഞ്ഞു. 6,000 രൂപ എക്സ്ചേഞ്ച് ബോണസ് ഓഫറും ഉണ്ട്. അതിനാല്‍, രണ്ട് എക്സ്ചേഞ്ച് ഓഫറുകളും സംയോജിപ്പിച്ച്, വില ഫലപ്രദമായി 48,900 രൂപയായി കുറയുന്നു.
ഐഫോണ്‍ മാത്രമല്ല, നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണുകളും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോണ്‍ വാങ്ങാവുന്നതാണ്. ഫോണിന്റെ വിലയനുസരിച്ച്, 20,000 മുതല്‍ 67,800 രൂപ വരെയുള്ള ട്രേഡ്-ഇൻ ഡിസ്കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും.