ബെംഗളൂരു മജസ്റ്റിക് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ പുതിയ കവാടം തുറന്നു. മെട്രോ സ്‌റ്റേഷനിൽ നിന്ന് ഡി എന്ന് പേരിട്ട കവാടം വഴി കെഎസ്ആർടിസിയുടെ 2, 2 എ ടെർമിനലുകളിലേക്ക് പ്രവേശിക്കാം.ഇവിടെ നിന്ന് മേൽപാലം വഴി കെഎസ്ആർടിസിയുടെ 1,3, ബിഎംടിസി ടെർമിനലുകളിലേക്കും പ്രവേശിക്കാം.
നേരത്തെ ഗുബിതോട്ടപ്പ റോഡിലേക്കുള്ള കവാടം വഴിയായിരുന്നു കെഎസ്ആർടിസി, ബിഎംടിസി ടെർമിനലുകളിൽ നിന്ന് യാത്രക്കാർ മെട്രോ സ്‌റ്റേഷനിലേക്ക് പ്രവേശിച്ചിരുന്നത്. ലഗേജുകളുമായി യാത്രക്കാർ ചുറ്റിവളഞ്ഞ് സഞ്ചരിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. തുടർന്നാണ് പുതിയ കവാടം തുറന്നത്. 8 കവാടങ്ങളുള്ള മജസ്‌റ്റിക് ഇൻ്റർചേഞ്ച് സ്റ്റേഷനെ മാത്രം പ്രതിദിനം ചുരുങ്ങിയത് ഒന്നരലക്ഷം പേർ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.
വരുന്നു 2 മെട്രോ ട്രെയിനുകൾ കൂടി ആർവി റോഡ് – ബൊമ്മസന്ദ്ര (യെലോ ലൈൻ) പാതയിലേക്കുള്ള 2 ഡ്രൈവർ രഹിത മെട്രോ ട്രെയിൻ അടുത്ത ആഴ്ചയോടെ എത്തും.കൊൽക്കത്തയിലെ ടിറ്റാഗ്ര കോച്ച് ഫാക്ടറിയിൽ നിന്നു റോഡ് മാർഗമാണ് കോച്ചുകൾ ഹെബ്ബഗോഡിയിലെ ഡിപ്പോയിലെത്തിക്കുക. 6 കോച്ചുകൾ വീതമുള്ള 2 ട്രെയിനുകൾ കൂടി എത്തുന്നതോടെ ആകെ ട്രെയിനുകളുടെ എണ്ണം അഞ്ചാകും. ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായെങ്കിലും പതിവ് സർവീസിനുള്ള അന്തിമ അനുമതി ലഭിച്ചിട്ടില്ല.