മൈസൂരു: നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കടക്കം കൂടുതൽ ഇലക്ട്രിക് ബസ് സർവീസ് തുടങ്ങുന്നു. ആകെ 200 ബസുകളാണ് കെഎസ്ആർടിസിയുടെ കീഴിൽ നഗരത്തിലിറങ്ങുക. ആദ്യഘട്ടത്തിൽ 25 ബസുകൾ മേയ് ആദ്യവാരം ഓടിത്തുടങ്ങും.പരിസ്ഥിതി മലിനീകരണം തടയുന്നതിനും വൃത്തിയുള്ള നഗരാന്തരീക്ഷം വളർത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പായാണ് കെഎസ്ആർടിസി മൈസൂരു നഗര പരിധിക്കുള്ളിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്നത്.ബെംഗളൂരു -മൈസൂരു നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ‘പവർ പ്ലസ്’ എന്ന ബ്രാൻഡിന് കീഴിൽ കെഎസ്ആർടിസി ഇതിനകം വിജയകരമായ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ശബ്ദരഹിതം, ഉയർന്ന സുഖസൗകര്യങ്ങൾ എന്നിവയുള്ള ബസുകൾക്ക് വലിയ പൊതുജന പ്രതികരണമാണ് ലഭിച്ചത്. ഇത് സിറ്റി സർവീസുകൾ കൂടി തുടങ്ങാൻ കെഎസ്ആർടിസിയെ പ്രേരിപ്പിച്ചു.വിനോദസഞ്ചാരികളുടെയും ദൈനംദിന യാത്രക്കാരുടെയും തിരക്ക് കൂടുന്നതും തീരുമാനത്തിന് കാരണമായി. സിറ്റി ബസ് ടെർമിനലിൽനിന്ന് ചാമുണ്ഡി ഹിൽ, ജെ.പി. നഗർ, എൽ ആൻഡ് ടി, യെൽവാൾ, കെആർഎസ്, പാലഹള്ളി, ശ്രീരംഗപട്ടണ, നഞ്ചൻകോട് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ. കൂടുതൽ ഉചിതമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ കെഎസ്ആർടിസി മൈസൂരു സിറ്റി ഡിവിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ അവസാനത്തോടെ മുഴുവൻ റൂട്ട് സംബന്ധിച്ചും വ്യക്തത വരുമെന്ന് കെഎസ്ആർടിസി മൈസൂരു സിറ്റി ഡിവിഷൻ കൺട്രോളർ എച്ച്.ടി. വീരേഷ് അറിയിച്ചു. ബസുകൾക്കുള്ള കൂടുതൽ ചാർജിങ് പോയിന്റുകളും സ്ഥാപിക്കാനുള്ള പ്രവൃത്തിയും തുടങ്ങി.ഇതിനായി ബന്നിമണ്ഡപ് ഡിപ്പോയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു