ബംഗളൂരു: ബംഗളൂരുവിലെ വാഹന യാത്രക്കാർക്ക് ട്രാഫിക് സിഗ്നൽ ടൈമറുകൾ ആപ്പിൽ കാണാം. നാവിഗേഷൻ ആപ്പായ മാപ്പിൾസുമായി സഹകരിച്ച് സിറ്റി ട്രാഫിക് പൊലീസാണ് ആപ് ആരംഭിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഈ സംവിധാനം ആരംഭിക്കുന്നത്.വെഹിക്കിൾ ആക്കുറേറ്റഡ് കൺട്രോൾ(വി.എ.സി) സംവിധാനമുള്ള കെ.ആർ. സർക്കിൾ, ഹഡ്സൺ സർക്കിൾ, കെ.എച്ച്. റോഡ്, മിനർവ ജങ്ഷൻ, ടൗൺ ഹാൾ എന്നിവയുൾപ്പെടെ 169 ജങ്ഷനുകളിൽ ഈ സൗകര്യം ലഭ്യമാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തത്സമയ സിഗ്നലുകൾ അടിസ്ഥാനമാക്കിയാണ് സമയം ക്രമീകരിക്കുക.
ട്രാഫിക് സിഗ്നലുകളിൽ കൗണ്ട്ഡൗൺ ആരംഭിക്കുന്ന സമയത്ത് മൊബൈൽ ആപ്പിലും സിഗ്നൽ കൗണ്ട്ഡൗൺ കാണാൻ സാധിക്കുമെന്ന് മാപ് മൈ ഇന്ത്യ ഡയറക്ടർ രോഹൻ വർമ എക്സിൽ കുറിച്ചു.ജങ്ഷൻ എത്തുന്നതിന് മുമ്പ് റൂട്ട് മാപ്, റോഡിലെ തിരക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ മുൻകൂട്ടി അറിയുന്നതിലൂടെ യാത്രികർക്ക് തിരക്ക് കുറഞ്ഞ പാത തെരഞ്ഞെടുക്കാൻ സാധിക്കും. കൂടുതൽ ജങ്ഷനുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.