ബംഗളൂരു: 62ാമത് ദേശീയ ഓപണ്‍ അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബുധനാഴ്ച തുടക്കമാവും. അഞ്ചു ദിവസം നീളുന്ന ചാമ്ബ്യൻഷിപ്പില്‍ റെയില്‍വേസ്, സര്‍വിസസ്, എല്‍.ഐ.സി, ഒ.എൻ.ജി.സി തുടങ്ങി 13 സംസ്ഥാനങ്ങളില്‍നിന്നും ഡിപാര്‍ട്ടുമെന്റുകളില്‍നിന്നുമായി 1200 അത്‍ലറ്റുകള്‍ പങ്കെടുക്കും. റെയില്‍വേസാണ് നിലവിലെ ചാമ്ബ്യന്മാര്‍. കേരളത്തില്‍നിന്ന് 19 വനിത താരങ്ങളും 34 പുരുഷ താരങ്ങളും അടക്കം 53 പേര്‍ പങ്കെടുക്കും.
ഒളിമ്ബിക്സിനുള്ള മുന്നൊരുക്കം നവംബറില്‍ തുടങ്ങുമെന്നതിനാല്‍ ഏഷ്യൻ ഗെയിംസില്‍ പങ്കെടുത്ത മിക്ക താരങ്ങളും വിശ്രമത്തിനായി ഓപണ്‍ ചാമ്ബ്യൻഷിപ്പില്‍നിന്ന് വിട്ടുനിന്നേക്കും. ഡല്‍ഹിയിലെ സ്വീകരണ ചടങ്ങുകളിലാണ് ഈ താരങ്ങള്‍. ചിലര്‍ റിലേ ഇനത്തില്‍ മാത്രമായി പങ്കെടുത്തേക്കും. ഏഷ്യൻ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡ്‍ല്‍സില്‍ പി.ടി. ഉഷയുടെ റെക്കോഡിനൊപ്പമെത്തിയ വിദ്യ രാമരാജ് ഒളിമ്ബിക്സ് യോഗ്യത തേടി ബംഗളൂരുവിലിറങ്ങും.
39 വര്‍ഷം മുമ്ബ് പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോഡാണ് വിദ്യ ഹാങ്ചോവില്‍ പങ്കിട്ടത്. ഏഷ്യൻ ഗെയിംസില്‍ വനിതകളുടെ ജാവലിൻത്രോയില്‍ സ്വര്‍ണജേതാവും ദേശീയ റെക്കോഡുകാരിയുമായ അന്നുറാണി, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ വെള്ളി മെഡല്‍ ജേതാവായ ജ്യോതി യാരാജി, ഏഷ്യൻ ഗെയിംസില്‍ നീരജ് ചോപ്രക്ക് പിന്നില്‍ വെള്ളി നേടിയ കിഷോര്‍ ജെന, റിയോ ഒളിമ്ബിക് താരം സര്‍ബാനി നന്ദ, ഷോട്ട് പുട്ടിലെ മുൻ ഏഷ്യൻചാമ്ബ്യൻ മൻപ്രീത് കൗര്‍ തുടങ്ങിയവര്‍ ചാമ്ബ്യൻഷിപ്പിനെത്തും. ആൻഡി ഡോപിങ് ഏജൻസിയായ നാഡയുടെ ഒഫീഷ്യലുകളും ബംഗളൂരുവിലുണ്ടാകും.