Home Featured നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടി

നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ കൂട്ടി

കർണാടകയിൽ പാൽ വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി മിൽക്കിന് ലിറ്ററിന് നാലു രൂപയാണ് വർദ്ധിപ്പിക്കുന്നത്. വില വർദ്ധന ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചെന്നാണ് സർക്കാരിന്റെ വാദം.മാർച്ച് 30 ന് കർണാടകയിലുടനീളം വലിയ ആഘോഷങ്ങളോടെ ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുന്നോടിയായാണ് കുത്തനെയുള്ള വില വർദ്ധനവ്. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ, എല്ലാ പാൽ ഉത്പ്പന്നങ്ങളുടെയും വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്.

അടുത്തിടെ മെട്രോ, ആർടിസി ബസ് ചാർജുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ നേരിടുന്നത് രൂക്ഷ വിമർശനമായിരുന്നു. വൈദ്യുതി നിരക്കും സർക്കാർ പരിഷ്കരിച്ചിരുന്നു. പാൽ വില ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാൽ വില 4 രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തൈര് വിലയും കിലോഗ്രാമിന് 4 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ 54 രൂപയായി. മുമ്പ് തൈര് വില കിലോഗ്രാമിന് 50 രൂപയായിരുന്നു. ഏറ്റവും ചെലവുള്ള നീലക്കവർ നന്ദിനി പാലിന് ലിറ്ററിന് 44 രൂരയായിരുന്നത് 48 രൂപയാകും.

പാൽഉൽപാദകർക്ക് സർക്കാർ 656.07 കോടി രൂപ സബ്സിഡി നൽകാനുണ്ടെന്നും ഇത് 9.04 ലക്ഷം ഗുണഭോക്താക്കളെ ബാധിച്ചുവെന്നും വെങ്കിടേഷ് വെളിപ്പെടുത്തി. ധന വകുപ്പ് ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ കുടിശ്ശിക തുക വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട സംഭരണ ​​നിരക്കുകൾക്കായി കർഷകർ തുടക്കത്തിൽ ലിറ്ററിന് 10 രൂപ വർധനവ് ആവശ്യപ്പെട്ടിരുന്നു. 

വില വർധനവിനായുള്ള പ്രതിഷേധങ്ങൾ ഫെബ്രുവരി മുതൽ കർണാടക രാജ്യ റൈത്ത സംഘത്തിന്റെയും ഗ്രീൻ ബ്രിഗേഡിന്റെയും നേതൃത്വത്തിൽ നടന്നുവരികയായിരുന്നു. പാൽ സംഭരണ ​​വില ലിറ്ററിന് കുറഞ്ഞത് 50 രൂപയായി ഉയർത്തണമെന്നും കുറഞ്ഞ താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതുവരെ ലിറ്ററിന് 10 രൂപ ഇടക്കാല താങ്ങുവില ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വർധനവിനെ എതിർത്തിരുന്നെങ്കിലും കർഷകരുടെയും പാൽ ഫെഡറേഷനുകളുടെയും നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഈ തീരുമാനത്തിന് അംഗീകാരം നൽകി. അവസാന പാൽ വില പരിഷ്കരണം 2024 ജൂൺ 25നാണ് നടന്നത്. ലിറ്ററിന് രണ്ടു രൂപ വർധിപ്പിച്ച് ഓരോ പാക്കറ്റിലും 50 മില്ലി ലിറ്റർ അധികം ചേർത്തു. പുതിയ പരിഷ്കരണത്തിൽ വിലയല്ലാതെ പാലിന്റെ അളവ് വർധനയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group