Home Featured നന്ദിനി പാൽ വില വർധന ഇന്നുമുതൽ; അര ലീറ്റർ പാക്കറ്റിൽ 10 മില്ലി പാൽ അധികം

നന്ദിനി പാൽ വില വർധന ഇന്നുമുതൽ; അര ലീറ്റർ പാക്കറ്റിൽ 10 മില്ലി പാൽ അധികം

by admin

ബെംഗളൂരു∙ നന്ദിനി പാൽ വിലവർധന ഇന്ന് നിലവിൽ വരുന്നതോടെ അര ലീറ്റർ പാക്കറ്റിൽ 10 മില്ലിലീറ്റർ അധികം പാൽ നൽകുമെന്ന് കർണാടക മിൽക് ഫെഡറേഷൻ. നിലവിൽ 500 മില്ലി ലീറ്റർ അടങ്ങിയ പാക്കറ്റിൽ ഇന്ന് മുതൽ 510 മില്ലി പാൽ ഉണ്ടായിരിക്കും. ഒരു ലീറ്റർ പാക്കറ്റിന് 3 രൂപ വർധിക്കുമ്പോൾ അര ലീറ്ററിന് 2 രൂപയാണ് കൂടുന്നത്. കൂടുതൽ വിൽപനയുള്ള ടോൺഡ് മിൽക് (നീല പാക്കറ്റ്) ലീറ്ററിന് 39 രൂപയിൽ നിന്ന് 42 രൂപയായി ഉയരും. അര ലീറ്ററിന് 20 രൂപയിൽ നിന്ന് 22 രൂപയാകും.

തൈരിനും ലീറ്ററിന് 3 രൂപയും അരലീറ്ററിന് 2 രൂപയും കൂടും. ഒരു ലീറ്റർ പാക്കറ്റിന് 47 രൂപയിൽ നിന്ന് 50 ഉം അരലീറ്ററിന് 24 രൂപയിൽ നിന്ന് 26 ഉം 200 മില്ലിലീറ്ററിന് 11 രൂപയിൽ നിന്ന് 12 ആയും ഉയരും. ബട്ടർ മിൽക്കിന് 8 രൂപയിൽ നിന്ന് 9 രൂപയാകും.

കള്ളനോട്ട്: മലയാളികളടക്കം മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു∙ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കള്ളനോട്ട് വിതരണം നടത്തുന്ന 2 മലയാളികൾ അടങ്ങുന്ന മൂന്നംഗ സംഘത്തെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 6.5 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി തിരുവനന്തപുരം സ്വദേശികളായ ദേവൻ രാജേന്ദ്രൻ(20), നിതിൻ ശിവൻ(19) എന്നിവരാണു പിടിയിലായത്. സംഘത്തലവനായ തമിഴ്നാട് സ്വദേശി ശരവണനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 500 രൂപയുടെ 1307 കള്ളനോട്ടുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ബിഹാറിൽ‌ നിന്ന് 25,000 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ എന്ന കണക്കിനാണ് ഇവ വാങ്ങിയിരുന്നത്. തുടർന്നു കേരളം, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഏജന്റുമാർ വഴി വിതരണം ചെയ്യും. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ കൂട്ടാളികളുമായി ആശയവിനിമയം നടത്തിയിരുന്നതെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. പിടിയിലാകുന്നതിനു മുൻപ് 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ സംഘത്തെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group