ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നിവാസികളുടെ യാത്ര എളുപ്പമാക്കാൻ ‘നമ്മ യാത്രി’ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയസംവിധാനം. മെട്രോ റെയിൽ, ടാക്സി, ഓട്ടോ തുടങ്ങി പല ഗതാഗതമാർഗങ്ങൾ ഒന്നിപ്പിക്കുന്ന നമ്മ ട്രാൻസിറ്റ് ഫീച്ചറാണ് ആപ്പിൽ ഒരുക്കുന്നത്. നഗരത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗം നമ്മ ട്രാൻസിറ്റ് മുഖേന അറിയാൻസാധിക്കും. വേഗത്തിലും കുറഞ്ഞനിരക്കിലുമുള്ള യാത്ര തിരഞ്ഞെടുക്കാൻ ഇതുമൂലം സാധിക്കും.
ചില സ്ഥലങ്ങളിലേക്കുപോകുന്നതിന് ഓട്ടോമാത്രം തിരഞ്ഞെടുത്താൽ വേഗത്തിൽ എത്താൻസാധിക്കില്ല. അപ്പോൾ നിശ്ചിതദൂരം ഓട്ടോയിൽ യാത്രചെയ്യുകയും തുടർയാത്രയ്ക്ക് മെട്രോ സർവീസ് ഉപയോഗിക്കുകയുംചെയ്യാം. കുറച്ചുദൂരം നടക്കുന്നതും വേഗത്തിലെത്താൻ സാഹിയിക്കും.ഇത്തരത്തിൽ ഒരോസമയത്തും ഏറ്റവും സുഗമമായ യാത്രയ്ക്ക് പല യാത്രാമാർഗങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള നിർദേശം നമ്മ ട്രാൻസിറ്റ് മുഖേന ലഭിക്കും. ഓട്ടോയിൽ യാത്രചെയ്യുമ്പോൾ തുടർയാത്രയ്ക്കുള്ള മെട്രോതീവണ്ടി എപ്പോൾ എത്തും, ഏതുപ്ലാറ്റ്ഫോമിൽ എത്തും, ഏത് ഗേറ്റുവഴി വേഗത്തിൽ സ്റ്റേഷനിൽ കടക്കാം തുടങ്ങിയ വിവരങ്ങളും യഥാസമയം ലഭിക്കും.
ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നമ്മ ട്രാൻസിറ്റ് സംവിധാനം ഉദ്ഘാടനംചെയ്തു. ഇ-കൊമേഴ്സ് രംഗത്തെ സേവനദാതാക്കളായ ബെക്ക് എൻ പ്രോട്ടക്കോൾ, ഒഎൻഡിസി എന്നിവരുടെ സഹകരണത്തോടെയാണ് നമ്മ ട്രാൻസിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ കുറച്ച് ഉപയോക്താക്കൾക്കുമാത്രമാണ് ഇത് ലഭ്യമാക്കുന്നത്.അധികംവൈകാതെ നമ്മ യാത്രിയുടെ എല്ലാ ഉപയോക്താക്കൾക്കും നമ്മ ട്രാൻസിറ്റ് സൗകര്യം ലഭിക്കുമെന്ന് സ്ഥാപകരായ മഗിഴൻ, ഷാൻ എന്നിവർ അറിയിയിച്ചു. ഒഎൻഡിസി സീനിയർ വൈസ് പ്രസിഡന്റ് നിതിൻനായർ, ബെക്ക് എൻ പ്രോട്ടക്കോൾ സഹസ്ഥാപകൻ സുജിത്ത്നായർ, ഇന്ത്യൻ അർബൻ ഡേറ്റ എക്സ്ചേഞ്ച് പ്രതിനിധിയും രഘു കൃഷ്ണപുരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.