Home Featured ബെംഗളൂരുവില്‍ നമ്മ മെട്രോ യെല്ലോ ലൈന്‍; വരുന്നത് മൂന്ന് ട്രെയിനുകള്‍: 16 സ്‌റ്റേഷനുകള്‍: റൂട്ട് ഇങ്ങനെ

ബെംഗളൂരുവില്‍ നമ്മ മെട്രോ യെല്ലോ ലൈന്‍; വരുന്നത് മൂന്ന് ട്രെയിനുകള്‍: 16 സ്‌റ്റേഷനുകള്‍: റൂട്ട് ഇങ്ങനെ

by admin

ബെംഗളൂരു നഗരത്തിന്റെ ഗതാഗത വികസനത്തിന് കുതിപ്പേകാന്‍ നമ്മ മെട്രോ യെല്ലോ ലൈന്‍ ഉടന്‍ ആരംഭിക്കും. ഐടി നഗരം ദീര്‍ഘകാലമായി കാത്തിരിക്കുന്നതാണ് നമ്മ മെട്രോ യെല്ലോ ലൈൻ.ഐടി നഗരത്തിന്റെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ 16 സ്റ്റേഷനുകളിലൂടെ ആദ്യ ഘട്ടത്തില്‍ മൂന്ന് ട്രെയിനുകളാണ് ഓടുന്നത്. തുടക്കത്തില്‍ 25000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം പൂര്‍ണ തോതില്‍ നമ്മ മെട്രോ യെല്ലോ ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷമായി കുതിച്ചുയരും.

ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്റര്‍ ആണുള്ളത്. ആദ്യഘട്ടത്തില്‍ 16 സ്റ്റേഷനുകളും തുറന്നു കൊടുക്കണോ അതോ ഏഴ് സ്റ്റേഷനുകള്‍ തുറന്നുകൊടുക്കണോ എന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.16 സ്റ്റേഷനുകളും തുറന്നു കൊടുക്കുന്നതിനാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20-25 മിനിറ്റ് ഇടവേളകളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് 16 സ്റ്റേഷനുകള്‍ കടന്നുപോകാന്‍ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 സ്റ്റേഷനുകളും തുറന്നുകൊടുത്താല്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെ ഓരോ 20 മിനിറ്റിലും ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും. പ്രതിദിനം 30 മുതല്‍ 40 റൗണ്ട് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരു റൗണ്ട് ട്രിപ്പിന് ഏകദേശം 80 മിനിറ്റാണ് എടുക്കുന്നത്.ഇതിന് പകരമായി ഏഴ് സ്റ്റേഷനുകളില്‍ മാത്രം തുറന്നു കൊടുക്കുകയാണെങ്കില്‍ റണ്ണിങ് സമയം കുറച്ച്‌ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയും.ആദ്യ ഘട്ടത്തില്‍ മൂന്ന് ട്രെയിനുകള്‍ മാത്രം ഓടിച്ച്‌ പ്രതിദിനം 10 മുതല്‍ 15 ലക്ഷം വരെയാണ് ബിഎംആര്‍സിഎല്‍ വരുമാനം പ്രതീക്ഷിക്കുന്നത്. 15 ട്രെയിനുകളുമായി യെല്ലോ ലൈന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വരുമാനം പ്രതിദിനം 60 ലക്ഷമായി ഉയരും.

ആദ്യ ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് മെട്രോ അധികൃതര്‍ സ്വീകരിക്കുന്നത്. ട്രെയിന്‍ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും വിന്യസിക്കാനാണ് ബിഎംആര്‍സിഎല്‍ തയ്യാറെടുക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വിവിധ തലത്തില്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുംഓഗസ്റ്റ് 10-ന് നാലാമത്തെ ട്രെയിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പക്ഷേ അത് ഡിപ്പോയിലും മെയിന്‍ ലൈനിലും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പരീക്ഷണ ഓട്ടത്തിന് വിധേയമാക്കും. തിങ്കളാഴ്ച മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സതേണ്‍ സര്‍ക്കിള്‍) എ എം ചൗധരി യെല്ലോ ലൈനിന്റെ പരിശോധന ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ ക്ലിയറന്‍സ് ലഭിച്ചാല്‍ സര്‍വീസിനുള്ള അന്തിമ അനുമതി നല്‍കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group