ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ പാതയിൽ അടുത്തമാസം ട്രെയിൻ സർവീസ് ആരംഭിക്കും.ആർവി റോഡിൽനിന്ന് ആരംഭിച്ച് ബൊമ്മസാന്ദ്രയിൽ എത്തിച്ചേരുന്ന 19.15 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. ബെംഗളൂരുവിലെ മൂന്നാമത്തെ മെട്രോ പാതയാണിത്.നിലവിൽ പർപ്പിൾ ലൈനും ബ്ലൂ ലൈനുമാണ് മെട്രോയ്ക്ക് ഉള്ളത്. യെല്ലോ ലൈൻ പാതയുടെ നിർമാണവും പരീക്ഷണ ഓട്ടവും പൂർത്തിയായിട്ട് മാസങ്ങളായി. സർവീസ് തുടങ്ങുന്നത് പല വട്ടം മാറ്റിവെക്കുകയായിയിരുന്നു.
തുടക്കത്തിൽ പ്രധാന സ്റ്റേഷനുകളിൽ മാത്രം ട്രെയിൻ നിർത്തുന്ന തരത്തിലായിരിക്കും സർവീസുകളെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ 16 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ജയദേവ ഹോസ്പിറ്റൽ, സെൻട്രൽ സിൽക്ക് ബോർഡ്, ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെട്രോ യാത്രാ സൗകര്യം ഇതോടെ തുറന്നു കിട്ടും.
രാഷ്ട്രീയ വിദ്യാലയ റോഡ്, റാഗിഗുദ്ദ, ജയദേവ ആശുപത്രി, ബിടിഎം ലേ ഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി(രൂപേന അഗ്രഹാര, ഹൊൻഗസാന്ദ്ര(ഗാർവേഭാവി പാളയ), കുട്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ, ഹുസ്‌കൂർ റോഡ്, ബയോകോൺ ഹെബ്ബഗോഡി, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.