ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസം പകരുന്ന നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമതൊരു ട്രെയിന്‍ കൂടി വരുന്നു.നഗരത്തിലെ ഐടി ഉദ്യോഗസ്ഥര്‍ അടക്കം ഏറെ പ്രതീക്ഷയോടെയാണ് ഈ ട്രെയിന്‍ കാത്തിരിക്കുന്നത്. തിരക്കേറിയ ആര്‍വി റോഡില്‍ നിന്ന് ബൊമ്മസാന്ദ്രയിലേക്കാണ് ട്രെയിന്‍ സര്‍വീസ്. തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍വീസ് ലക്ഷ്യമിടുന്നു.ഒക്ടോബര്‍ പകുതിയോടെ അഞ്ചാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പ് സമയം നിലവിലെ 19 മിനിറ്റില്‍ നിന്ന് 15 മിനിറ്റായി കുറയ്ക്കും. ആര്‍വി റോഡിനെ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന് വഴി ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യെല്ലോ ലൈന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.മൂന്ന് ട്രെയിന്‍ സെറ്റുകളുമായാണ് സര്‍വീസുകള്‍ തുടങ്ങിയത്. അപ്പോള്‍ 25 മിനിട്ടായിരുന്നു കാത്തിരിപ്പ് സമയം. കഴിഞ്ഞ മാസം നാലാമത്തെ ട്രെയിന്‍ അവതരിപ്പിച്ചു.
ഇതോടെ കാത്തിരിപ്പ് സമയം 19 മിനിറ്റായി കുറഞ്ഞു. നാലാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ യെല്ലോ ലൈനിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 84,000 ആണ്. അഞ്ചാമത്തെ ട്രെയിനിന്റെ വരവോടെ, ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം 90,000 കവിയുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ.അഞ്ചാമത്തെ ട്രെയിന്‍ സെറ്റിന്റെ ആറ് കോച്ചുകളും എത്തി. മൂന്ന് കോച്ചുകള്‍ ഞായറാഴ്ച രാത്രിയും മൂന്നെണ്ണം തിങ്കളാഴ്ച അര്ദ്ധരാത്രിയോടെയുമാണ് ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയത്.
നാലാമത്തെ ട്രെയിന്‍ സെറ്റ് പോലെ അഞ്ചാമത്തേതും പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്.യെല്ലോ ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം തിരക്കേറിയ സമയങ്ങളിലെ റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞു, രാവിലെ 38 ശതമാനവും വൈകുന്നേരത്തെ ഗതാഗതത്തില്‍ 37 ശതമാനവും കുറവുണ്ടായി. അഞ്ചാമത്തെ ട്രെയിന്‍ കൂടി വരുന്നതോടെ റോഡിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുതല്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരത്തിലെ വായു മലിനീകരണ തോതും കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.യെല്ലോ ലൈന്‍ കൂടി വന്നതോടെ ബെംഗളൂരുവിന്റെ മെട്രോ ശൃംഖല 96.1 കിലോമീറ്ററായി വര്‍ധിച്ചിട്ടുണ്ട്. ആകെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി ഉയര്‍ന്നു. 2026 ന്റെ തുടക്കത്തില്‍ പത്ത് ട്രെയിനുകള്‍ കൂടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.