ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ,പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ മാധവാര വരെയുള്ള ഗ്രീൻ ലൈനിലേക്ക് ആറു കോച്ചുകൾ ഉള്ള 21 പുതിയ ട്രെയിൻ സെറ്റുകൾ ഉടൻ എത്തിക്കും. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സിആർആർസി) നിർമ്മിച്ച ട്രെയിനുകളാണ് എത്തിക്കുന്നത്. ഇതോടെ ഗ്രീൻ ലൈനിലെ യാത്രാതിരക്ക് ഗണ്യമായി കുറയ്ക്കും.നിലവിൽ ഗ്രീൻ ലൈനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ തിരക്കേറിയ വൈറ്റ്ഫീൽഡ്- ചല്ലഘട്ട പർപ്പിൾ ലൈനിലേക്ക് മാറ്റും. ഇതോടെ ഈ പാതയിലെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയുകയും ചെയ്യും.2019-20 ലെ കരാർ പ്രകാരമാണ് സിആർആർസി നിർമിച്ച ട്രെയിനുകൾ ലഭ്യമാക്കുന്നത്. ട്രെയിനുകളുടെ പരീക്ഷണയോട്ടം നടന്നുവരികയാണ്. ഗ്രീൻ ലൈനിലെ ജാലഹള്ളി, മന്ത്രി സ്ക‌്വയർ സമ്പിഗെ റോഡ് സ്റ്റേഷനുകൾക്കിടയിൽ നിലവിൽ ഇത് ട്രയൽ റൺ നടത്തുന്നുണ്ട്. പരീക്ഷണ ഓട്ടം പൂർത്തിയാക്കി ഉടൻതന്നെ റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാത്രി 11.30 മുതൽ പുലർച്ചെ 3.30 വരെയാണ് ട്രയൽ റൺ പരിശോധനകൾ നടക്കുന്നത്.