ബെംഗളൂരു∙ മെട്രോ നിരക്ക് പരിഷ്കരിക്കുന്നതിനു നിയോഗിച്ച വിദഗ്ധ സമിതി 2 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ബിഎംആർസിക്കു സമർപ്പിക്കും. ടിക്കറ്റ് നിരക്ക് 20% വരെ ഉയർന്നേക്കുമെന്നാണ് സൂചന. റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ.തരണിയുടെ നേതൃത്വത്തിലുള്ള സമിതി ബിഎംആർസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ നിരക്ക് പരിഷ്കരിക്കാനുള്ള ചട്ടക്കൂടുകൾ പരിചയപ്പെടാൻ ഹോങ്കോങ്, സിംഗപ്പൂർ നഗരങ്ങളിൽ സമിതി സന്ദർശനം നടത്തിയിരുന്നു. ഡൽഹി മെട്രോയും ഇവർ സന്ദർശിച്ചു. നിരക്ക് വർധന സംബന്ധിച്ചു ജനങ്ങളോടു ബിഎംആർസി അഭിപ്രായം തേടിയിരുന്നു. എന്നാൽ നിരക്കിൽ മാറ്റം വരുത്തരുതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലായി 240 കോടി രൂപയിലേറെ നഷ്ടം നേരിടുന്നതിനാൽ കുറഞ്ഞത് 20% എങ്കിലും കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് ബിഎംആർസിയുടെ വാദം. രണ്ടാം ഘട്ടത്തിലെ പാതകളുടെ നിർമാണത്തിന് പ്രതീക്ഷിച്ചതിലും 10,000 കോടി രൂപയോളം അധികം വേണ്ടി വരുമെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. 2012ൽ മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടില്ല. 10 മുതൽ 60 രൂപ വരെയാണ് ഈടാക്കുന്നത്.
ടിക്കറ്റിതര വരുമാനം കൂട്ടാൻ നടപടി
ടിക്കറ്റിതര വരുമാനം കൂട്ടാൻ ഹെബ്ബാൾ–സർജാപുര മൂന്നാം ഘട്ടത്തിലെ സ്റ്റേഷനുകളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും പാർക്കിങ് കേന്ദ്രത്തിനും ഇടമുണ്ടാകും. പാതയിലെ 28 സ്റ്റേഷനുകളിൽ 17 എണ്ണത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി 15 ലക്ഷം ചതുരശ്ര അടി സ്ഥലവും പാർക്കിങ് കേന്ദ്രത്തിനായി 2 ലക്ഷം ചതുരശ്ര അടി സ്ഥലവും നീക്കിവയ്ക്കാനാണ് തീരുമാനം. സർജാപുര, കർമേൽറാം, കോറമംഗല സെക്കൻഡ് ബ്ലോക്ക്, ഡയറി സർക്കിൾ, ബസവേശ്വര സർക്കിൾ, പാലസ് ഗുട്ടഹള്ളി, മേക്രിസർക്കിൾ, വെറ്ററിനറി കോളജ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നീക്കിവയ്ക്കുക. ചില സ്റ്റേഷനുകളിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ അധിക നിലകൾ നിർമിക്കും. 28,405 കോടി രൂപയുടെ പദ്ധതിക്കു സംസ്ഥാന സർക്കാർ അനുമതി നൽകി. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും. 2031ൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പാതയാണിത്.
അരയ്ക്കുന്നതിനിടെ ഗ്രൈൻഡറില് കുടുങ്ങി യുവാവിന് ദാരുണാന്ത്യം
ഗ്രൈൻഡറില് കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന് സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.ഗ്രൈൻഡർ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയായ സൂരജിന്റെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്ഡറില് ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.സംഭവത്തില്‍ കടയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മതിയായ ട്രെയിനിങ്ങോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.