ബെംഗളൂരു: നമ്മ മെട്രോ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ടിരു ന്ന മറ്റൊരു ടണൽ ബോറിങ് മെഷിനും(ടിബിഎം) 855 മീറ്റർ തുരങ്ക നിർമാണം പൂർത്തിയാക്കി. നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ 13.9 കിലോമീറ്റർ ഭൂഗർഭപാതയിൽ കന്റോൺമെന്റ് മുതൽ ശിവാജിനഗർ വരെയുള്ള തുരങ്കമാണ് പൂർത്തിയായത്. ഇവിടെ ഇരട്ട തുരങ്കത്തിൽ ആദ്യത്തേതിന്റെ നിർമാണം കഴിഞ്ഞ മാസം 22നു പൂർത്തിയായിരുന്നു.
സ്റ്റേഷനുകൾ ഒഴികെ ഡയറി സർക്കിൾ മുതൽ നാഗവാര വരെ ഇരുഭാഗത്തേക്കുമായി 21.246 കിലോമീറ്റർ തുരങ്കം നിർമിക്കാൻ 9 മെഷീനുകളാണ് രംഗത്തുള്ളത്. ഇന്നലെ തുരങ്കം പൂർത്തിയാക്കിയ മെഷീൻ അഴിച്ചെടുത്ത് റോഡ് മാർഗം കന്റോൺമെന്റിലേക്കുകൊണ്ടു പോകും. അവിടെ നിന്നു പോട്ടറി ടൗൺ സ്റ്റേഷൻ വരെയുള്ള പാതയുടെ നിർമാണത്തിനായി മെഷീൻ ഉപയോഗിക്കുമെന്നും മെട്രോ റെയിൽ കോർപറേഷൻ(ബിഎം ആർസി) അറിയിച്ചു.