ബംഗളൂരു: നഗരത്തില്‍ വിവിധ വാര്‍ഡുകളില്‍ നമ്മ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ചൊവ്വാഴ്ച മഹാലക്ഷ്മി ലേഔട്ടിലെ മഹാലക്ഷ്മി പുര വാര്‍ഡില്‍ നടന്ന ചടങ്ങില്‍ നമ്മ ക്ലിനിക്കുകളുടെ ബംഗളൂരുവിലെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു.ആരോഗ്യ മന്ത്രി ഡോ.കെ. സുധാകര്‍, മന്ത്രിമാരായ കെ. ഗോപാലയ്യ, നാരായണ ഗൗഡ, അശ്വത് നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. 108 ക്ലിനിക്കുകളാണ് ബംഗളൂരു നഗരത്തില്‍ പ്രവര്‍ത്തിക്കുക. എല്ലാ ക്ലിനിക്കുകളും ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.
ഡിസംബര്‍ 14ന് നടന്ന ചടങ്ങില്‍ സംസ്ഥാനത്ത് 100 നമ്മ ക്ലിനിക്കുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. നഗരപരിധിയിലെ ചേരിനിവാസികള്‍, ദിവസക്കൂലിക്കാര്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രാഥമികാരോഗ്യ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.മെഡിക്കല്‍ ഓഫിസര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഗ്രൂപ് ഡി ജീവനക്കാരന്‍ എന്നിവരടങ്ങിയ ഒരു ക്ലിനിക്കില്‍ 12 ഇനം ആരോഗ്യസേവനങ്ങള്‍ ലഭിക്കും. ആകെ 150 കോടി രൂപ ചെലവിലാണ് പദ്ധതി. മിക്ക ക്ലിനിക്കുകളും സര്‍ക്കാര്‍ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.
ആകെ 438 ക്ലിനിക്കുകളാണ് സംസ്ഥാനത്തുടനീളം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ദേശീയ നഗര ആരോഗ്യ മിഷന് കീഴില്‍ നിലവില്‍ ഓരോ അര ലക്ഷം പേര്‍ക്കും ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ധനകാര്യ കമീഷനില്‍നിന്നുള്ള ഗ്രാന്റ് ഉപയോഗപ്പെടുത്തി 15,000- 20,000 പേര്‍ക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്ന നിലയില്‍ നഗരത്തില്‍ തുറക്കാനാണ് തീരുമാനം.സംസ്ഥാനത്തെ 438 ക്ലിനിക്കുകളില്‍ 243 എണ്ണം ബംഗളൂരു കോര്‍പറേഷന്‍ പരിധിയിലും 195 എണ്ണം മറ്റു ജില്ലകളിലും പ്രവര്‍ത്തിക്കും.
ഇതിന്റെ ആദ്യ ഘട്ടമായാണ് 108 ക്ലിനിക്കുകള്‍ ആരംഭിച്ചത്.പ്രസവചികിത്സ, പ്രസവാനന്തര ചികിത്സ, നവജാതശിശുക്കള്‍ക്കുള്ള ചികിത്സ, കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കുമുള്ള ചികിത്സ, പ്രതിരോധ കുത്തിവെപ്പ്, കുടുംബക്ഷേമം, ഗര്‍ഭനിരോധന ചികിത്സ, പകര്‍ച്ചവ്യാധി ചികിത്സ, പ്രാഥമികവും ചെറുതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സ, പ്രമേഹം, രക്തസമ്മര്‍ദം, ദീര്‍ഘകാലരോഗം, വായരോഗങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സസൗകര്യങ്ങളാണ് നമ്മ ക്ലിനിക്കുകളുടെ പ്രത്യേകത.തുടര്‍ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും.
സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, നേത്ര രോഗം തുടങ്ങിയവയുള്ളവരെ തുടര്‍-വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. പ്രായമായവര്‍ക്കുള്ള പരിചരണം, അടിയന്തര ആരോഗ്യസേവനങ്ങള്‍, വിവിധ ആരോഗ്യപരിശോധനകള്‍, മരുന്നുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമാകും. 14 ലാബ് പരിശോധനകള്‍, ഓണ്‍ലൈന്‍ പരിശോധനകള്‍, ആരോഗ്യ പരിശീലനങ്ങള്‍ എന്നിവ സൗജന്യ നിരക്കിലും ലഭ്യമാണ്.ചില ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരെ ലഭിക്കാന്‍ പ്രയാസം നേരിടുന്നതിനാല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ബന്ധിത ഗ്രാമീണസേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം.
‘കര്‍ണാടക കമ്ബല്‍സറി ട്രെയ്നിങ് സര്‍വിസ് ബൈ കാന്‍ഡിഡേറ്റ്സ് കംപ്ലീറ്റഡ് മെഡിക്കല്‍ കോഴ്സസ് ആക്‌ട് 2012 ‘ പ്രകാരം ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.കര്‍ണാടകയില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ വിവിധ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.കര്‍ണാടക ഭരണ പരിഷ്കാര കമീഷന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച്, സംസ്ഥാനത്തെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ഒരു വര്‍ഷത്തെ സേവനം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ബി.എസ്സി നഴ്സിങ്, ജി.എന്‍.എം ഡിേപ്ലാമ വിദ്യാര്‍ഥികളെ നിര്‍ബന്ധിത സേവനത്തിനായി ഒരു വര്‍ഷത്തേക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിയമിക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരങ്ങളിലെ പി.എച്ച്.സികള്‍, സി.എച്ച്.സികള്‍ എന്നിവിടങ്ങളിലാകട്ടെ ഇത്തരക്കാരുടെ 45 ശതമാനം ഒഴിവുകളും നികത്തെപ്പടാതെ കിടക്കുകയാണ്. എന്നാല്‍, നിര്‍ബന്ധിത സേവനത്തിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.