ബംഗളൂരു: മൈസൂരുവിൽ പാമ്പുകടി ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ സാമൂഹികാരോഗ്യ ഓഫിസര്‍മാര്‍ക്കും പരിശീലനം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ സർവയലന്‍സ് യൂനിറ്റും ആരോഗ്യ കുടുംബ ക്ഷേമ ഓഫിസും ചേർന്നാണ് ഹ്യൂമന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സ് ഇന്ത്യ, ദി ലിയന ട്രസ്റ്റ് എന്നിവയുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിച്ചത്.
അഞ്ച് ദിവസത്തെ പരിശീലനത്തില്‍ ഏഴ് താലൂക്കില്‍നിന്നായി 280 കമ്യൂണിറ്റി ഹെല്‍ത്ത് ഓഫിസര്‍മാര്‍ പങ്കെടുത്തു. വിഷമുള്ള പാമ്പുകള്‍, പാമ്പു കടിയേറ്റത്തിന്റെ ലക്ഷണങ്ങള്‍, പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍, പാമ്പു കടിയേറ്റ വ്യക്തികള്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എന്നിവയെ കുറിച്ചായിരുന്നു പരിശീലനം.മനുഷ്യജീവൻ രക്ഷിക്കുന്നതിനൊപ്പം ഭയംമൂലം ആളുകള്‍ പാമ്പുകളെ കൊല്ലുന്നത് തടയുക എന്ന ലക്ഷ്യവും നടപ്പാക്കുന്നതിനുള്ള നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകി. പ്രതിവർഷം ഇന്ത്യയില്‍ 58,000 ആളുകള്‍ പാമ്പു കടിയേറ്റ് മരണപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.