ബംഗളൂരു: വിമാന സർവിസുകള്‍ മുടങ്ങിക്കിടക്കുന്ന മൈസൂരു വിമാനത്താവളം വികസനത്തിന് വഴി തെളിയുന്നു. കുടക് -മൈസൂരു എം.പി യദുവീർ വഡിയാർ, വിമാനത്താവളം ഡയറക്ടർ ജെ.ആർ.അനൂപ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിമാനത്താവളം സന്ദർശിച്ച് ചർച്ചകള്‍ നടത്തി.
റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ മൈസൂരു വിനോദസഞ്ചാരമേഖല കുതിപ്പിലാണെങ്കിലും വിമാന സർവിസുകള്‍ പലതും മുടങ്ങിക്കിടക്കുന്നത് വിദേശ വിനോദ സഞ്ചാരികളുടെ സന്ദർശനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് വികസനം തേടുന്നത്. കൊച്ചിയിലേക്കും ഗോവയിലേക്കുമുള്ള സർവിസുകള്‍ രണ്ടുവർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.
സർവിസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍, വലിയ വിമാനങ്ങള്‍ക്ക് ആവശ്യമായ റണ്‍വേയും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഇല്ല. 72 സീറ്റ് ശേഷിയുള്ള എ.ടി.ആർ ഇനം വിമാനങ്ങള്‍ക്കേ 1740 മീറ്റർ റണ്‍വേയില്‍ ഇറങ്ങാനാവൂ. ഇത്തരം വിമാനങ്ങളുടെ ലഭ്യത കുറവാണ്. റണ്‍വേ 2750 മീറ്ററായി വികസിപ്പിക്കാൻ വ്യോമയാന മന്ത്രാലയത്തിന് അനുഭാവ നിലപാടാണെന്ന് യദുവീർ എം.പി ചർച്ചയില്‍ പറഞ്ഞു. 200 ഏക്കർ കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെ.ഐ.എ.ഡി.ബി) വിമാനത്താവളം വികസനത്തിനായി അതോറിറ്റിക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ യോഗത്തില്‍ വെളിപ്പെടുത്തി.
രണ്ട് ഘട്ടങ്ങളിലായാണ് വികസനം ലക്ഷ്യമിടുന്നത്. മൈസൂരുവില്‍ കഴിഞ്ഞ സാമ്ബത്തിക വർഷം 40 ലക്ഷം സഞ്ചാരികള്‍ എത്തിയതായാണ് കണക്ക്. കോവിഡ് കാല പ്രതിസന്ധിക്കുശേഷം ആദ്യമായാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഇത്രയധികം വർധന. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മൈസൂരു കൊട്ടാരം 40.56 ലക്ഷം പേർ സന്ദർശിച്ചതായാണ് കണക്ക്. മൈസൂരു -ബംഗളൂരു അതിവേഗപാത യാഥാർഥ്യമായത് സന്ദർശകർ കൂടാൻ കാരണമായതായി കണക്കാക്കുന്നു.
രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ മൈസൂരുവിലെത്തുന്നുമുണ്ട്. വിവിധ നഗരങ്ങളില്‍നിന്നുള്ള മറ്റു ട്രെയിനുകളും മൈസൂരുവിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. മൈസൂരുവില്‍നിന്ന് ബംഗളൂരു, ബെളഗാവി, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളും മുടങ്ങിക്കിടക്കുകയാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമാണ് വിമാന സർവിസുള്ളത്. മൈസൂരുവിനെ കൊച്ചിയുമായും ഗോവയുമായും ബന്ധിപ്പിച്ചുള്ള വിമാന സർവിസുകളുണ്ടെങ്കില് ആ നഗരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മൈസൂരുവിലേക്കും എളുപ്പത്തിലെത്താനാകും. വിദേശസഞ്ചാരികളുടെ യാത്രാറൂട്ടില്‍ മൈസൂരു കൂടുതലായി ഇടംപിടിക്കാൻ ഇത് വഴിതെളിക്കും. അടഞ്ഞുകിടക്കുന്ന ഈ സാധ്യതകള്‍ തുറക്കുകയാണ് വിമാനത്താവളം വികസന ലക്ഷ്യം.